ഇറ്റാലിയാമോ ഒലിവ് ആൻഡ് ബദാം ക്രീമുകൾക്ക് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്

ഇറ്റാലിയാമോ ഒലിവ് ആൻഡ് ബദാം ക്രീമുകൾക്ക് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്. ലിഡ്ൽ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഇറ്റാലിയാമോ ബ്രാൻഡിന്റെ ഒലിവ് ആൻഡ് ബദാം ക്രീം എന്ന ഉൽപ്പന്നത്തിന്റെ L244R ബാച്ചിനാണ് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്.
ഒലിവ് ആൻഡ് ബദാം ക്രീം ഉപയോഗിക്കരുതെന്ന് അതോറിറ്റി പൊതുജനങ്ങളെ അറിയിച്ചു, ഇതിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ സാനിധ്യം ഉണ്ടായിരിക്കാമെന്ന് സംശയിക്കുന്നു. ഈ ബാക്ടീരിയ ലോകത്തിലെ ഏറ്റവും അപകടകരമായതും അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും മാരകമായതുമായ വിഷം ഉൽപ്പാദിപ്പിക്കുന്നു.
ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തു നാഡീവ്യവസ്ഥയെ ബാധിച്ച് “ബോട്ടുലിസം” എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് മസിലുകളുടെ ക്രമാനുസൃതമായ ദൗർബല്യം, ശ്വാസതടസം, ചികിത്സ ലഭിക്കാത്ത പക്ഷം മരണവും വരെ ഉണ്ടാക്കാം.
പ്രായപൂർത്തിയായവരിൽ ആരംഭ ലക്ഷണങ്ങൾ സാധാരണയായി അതിയായ ക്ഷീണം, ദൗർബല്യം, തലചുറ്റൽ, വായ വരണ്ടുപോകൽ എന്നിവയാണ്. പിന്നീട് കാഴ്ച മങ്ങുക, കണ്ണിമകൾ താഴ്ന്നുപോകുക, സംസാരിക്കാനോ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് വേഗത്തിൽ പുരോഗമിക്കും. ബാക്ടീരിയ ബാധിച്ച ഭക്ഷണം കഴിച്ചതിന് ശേഷം സാധാരണയായി 12 മുതൽ 36 മണിക്കൂറിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാകുക.
ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അത് നശിപ്പിക്കുകയോ വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
ഉൽപ്പന്ന വിവരങ്ങൾ :-
* ഉൽപ്പന്നത്തിന്റെ പേര്: Olive and Almond Cream
* ബ്രാൻഡ്: Italiamo
* ലോട്ട് നമ്പർ: L244R
* ഭാരം: 190 ഗ്രാം
* ഉപയോഗാവധി (Best Before): 01/09/2028



