ദേശീയം

മൂന്ന് ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിനായി ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ

മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് മുതൽ 19 വരെയാണ് മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇന്ന് വൈകീട്ട് 3.15 മുതൽ മുംബൈയിലെ ലോക് ഭവനിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. 5.15 മുതൽ ഇന്ത്യ- ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026ന്റെ ഉദ്ഘാടനം. തുടർന്നു ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് ഉടമകൾ, ​ഗവേഷകർ എന്നിവരെ ഇരുവരും അഭിസംബോധന ചെയ്യും.

ഇത് നാലാം തവണയാണ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ സന്ദർശനത്തിനു എത്തുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോ​ഗതി അദ്ദേഹം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആ​ഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുണ്ട്.

മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനായുള്ള അം​ഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങിന്റെ ആറ് പി81 വിമാനങ്ങളാണ് വാങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button