അന്തർദേശീയം

യുഎസ് ഉപരോധം പിൻവലിച്ചാൽ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ : ഇറാൻ

ടെഹ്‌റാൻ : തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കം. ഇറാനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കാൻ തയ്യാറായാൽ വിട്ടുവീഴ്ചയ്‌ക്കൊരുക്കമാണെന്നാണ് ഇപ്പോൾ ഇറാന്റെ നിലപാട്. ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കാൻ തയ്യാറായാൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്ന് ഇറാൻ വ്യക്തമാക്കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാന്റെ ഉപവിദേശകാര്യ മന്ത്രി മജീദ് തക്ത് റവഞ്ചി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ കരാറിൽ എത്തുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആത്മാർത്ഥമായ നീക്കമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാൻ തയ്യാറാണെന്നും ഇത് വിട്ടുവീഴ്ചയ്ക്ക് സന്നദ്ധമാണെന്നതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു. ആയുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന നിലവാരത്തിലേക്ക് യുറേനിയം സമ്പുഷ്ടീകരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മജീദ് തക്ത് റവഞ്ചി ഇക്കാര്യങ്ങൾ പറഞ്ഞത്.

ചർച്ചകൾക്ക് തയ്യാറാണെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് മജീദ് തക്ത് റവഞ്ചി വ്യക്തമാക്കിയിരിക്കുന്നത്.. സമാധാന ആവശ്യത്തിനായുള്ള യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്നാണ് ഇറാന്റെ നിലപാട്.

ഇതിന് പുറമെ മിസൈൽ പദ്ധതി ചർച്ചകളുടെ ഭാഗമാക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ഒരു കരാറിനും തയ്യാറല്ലെന്ന് മജീത് തക്ത് റവഞ്ചി വ്യക്തമാക്കി. ഫെബ്രുവരി ആദ്യം ഒമാനിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് ശേഷം, രണ്ടാം വട്ടം ചർച്ചകൾ വരും ദിവസങ്ങളിൽ ജനീവയിൽ നടക്കും. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സമാധാനപരമായ പരിഹാരത്തിനാണ് അമേരിക്കയും താല്പര്യപ്പെടുന്നതെന്ന് ഒമാൻ വഴി ലഭിച്ച സ്വകാര്യ സന്ദേശങ്ങൾ സൂചിപ്പിക്കുന്നതായി ഇറാൻ വക്താവ് വെളിപ്പെടുത്തി. യുദ്ധമുണ്ടായാൽ അത് എല്ലാവർക്കും ദോഷകരമാകുമെന്നും മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, പ്രതീക്ഷയോടെയാണ് ജനീവ ചർച്ചകളെ സമീപിക്കുന്നതെന്ന് ഇറാൻ മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button