നിമിഷപ്രിയയുടെ മോചനം: ദയാധനമായി ആവശ്യപ്പെട്ടത് 50 ദശലക്ഷം റിയാൽ
സന: യമനിൽ തദ്ദേശീയനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനമായി ആവശ്യപെടുന്നത് 50 ദശലക്ഷം റിയാൽ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ഇത്രയും ആവശ്യപ്പെട്ടതായി യമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ അറിയിച്ചതായാണ് റിപ്പോർട്ട്.
അതേസമയം നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കുക.
തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് .
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്