അന്തർദേശീയം

ഫിലിപ്പീൻസിലെ ഹൈസ്കൂളിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്

മനില : ഫിലിപ്പീൻസിലെ തെക്കൻ മേഖലയിലെ ഹൈസ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാൾ വെടിവയ്പ്പ് നടത്തിയ അക്രമിയാണ്. ദക്ഷിണ കൊട്ടബാറ്റോയിലെ ബംഗ സിറ്റിയിലെ ബംഗ നാഷണൽ ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.

കൊല്ലപ്പെട്ട രണ്ട് വിദ്യാർഥികളും 14 വയസുകാരാണ്. ഇവരിൽ ഒരാൾ ആൺകുട്ടിയും മറ്റൊരാൾ പെൺകുട്ടിയുമാണ്. കൗമാരക്കാരനായ അക്രമിയാണ് വെടിവയ്പ്പ് നടത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിന്‍റെ സുരക്ഷ ഏറ്റെടുത്തു. വെടിവയ്പ്പിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. പരുക്കേറ്റവർ രണ്ട് ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.

അക്രമിയുടെ അടുത്ത സുഹൃത്ത് നൽകിയ മൊഴിപ്രകാരം കൗമാരക്കാരൻ ‘ട്രൂ ക്രൈം കമ്മ്യൂണിറ്റി’യിലെ അംഗമായിരുന്നുവെന്ന് ദക്ഷിണ കൊട്ടബാറ്റോ ഗവർണർ റെയ്നാൾഡോ തമയോ പറഞ്ഞു. ഈ അവകാശവാദവും വെടിവയ്പ്പുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഫിലിപ്പീൻ നാഷണൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button