അന്തർദേശീയം

ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; യുഎസിൽ 19-കാരൻ അറസ്റ്റിൽ

ന്യൂഡൽഹി : അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ. വംശീയവും ഹിന്ദുവിരുദ്ധവുമായ ഈ ഗൂഢാലോചന അതീവ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ 19-കാരനായ പ്രതിയെ അമേരിക്കൻ സുരക്ഷാ സേന അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.

ഇല്ലിനോയിയിലെ അറോറ മേഖലയിലുള്ള ഹിന്ദു ആരാധനാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യൻ വംശജർക്കെതിരായ അക്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ, ഈ ഗൂഢാലോചനയുടെ ഹിന്ദുവിരുദ്ധവും വംശീയവുമായ സ്വഭാവം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും വകുപ്പുകൾ ചുമത്തുകയും ചെയ്ത യുഎസ് നിയമപാലകരുടെ നടപടി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇല്ലിനോയിയിലെ പലാറ്റിൻ സ്വദേശിയായ അലക്സാൻഡ്രോസ് പപോറാക്കിസ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ചിക്കാഗോയിലെ ഒരു ടാക്കോ ബെൽ ഔട്ട്‌ലെറ്റിൽ കാഷ്യറായി ജോലി ചെയ്തിരുന്ന ഇയാൾ, സഹപ്രവർത്തകരോട് താൻ വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്നയാളാണെന്ന് വെളിപ്പെടുത്തുകയും ഇന്ത്യൻ വംശജരെ കൊല്ലാൻ കാത്തിരിക്കാനാവില്ലെന്ന് പറയുകയും ചെയ്തിരുന്നു. താൻ ധരിക്കാൻ പോകുന്ന ടാക്റ്റിക്കൽ ഗിയറുകളുടെ ചിത്രങ്ങളും, ഇന്ത്യൻ വംശജരെ കൂട്ടക്കൊല ചെയ്യാൻ തയാറാക്കിയ എട്ട് പേജുള്ള ആസൂത്രണ രേഖയും ഇയാൾ സഹപ്രവർത്തകർക്ക് പങ്കുവെച്ചു.

സഹപ്രവർത്തകരിൽ ഒരാൾ നൽകിയ നിർണായക വിവരത്തെ തുടർന്ന് മൗണ്ട് പ്രോസ്പെക്റ്റ്, പലാറ്റിൻ പൊലീസ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വീടിന് പുറത്തിറങ്ങുന്നതിനിടെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിൾ, ലോഡ് ചെയ്ത നിരവധി മാഗസിനുകൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, ബോഡി കവചമുള്ള ടാക്റ്റിക്കൽ വെസ്റ്റ്, തീവ്രവാദ മുദ്രയുള്ള ബാഡ്ജുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കൃത്യസമയത്ത് ഉണ്ടായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button