കൊളംബിയയിൽ ബസിനുള്ളിൽ സ്ഫോടനം, 13 മരണം, 38 പേർക്ക് പരിക്ക്

ബൊഗോട്ട : തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ യാത്രാബസിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിയ ഈ ആക്രമണം നടന്നത്. മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം.
കാക്ക റീജിയണിലെ കാജിബിയോ മുനിസിപ്പാലിറ്റിയിലൂടെ പാൻഅമേരിക്കൻ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഗവർണർ ഒക്ടാവിയോ ഗുസ്മാനാണ് എക്സിലൂടെ സ്ഫോടനവിവരം പുറത്തുവിട്ടത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അങ്ങേയറ്റം ദാരുണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊളംബിയൻ സർക്കാർ സംഭവത്തിൽ ശക്തമായ അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.



