കേരളം

ഊരാളുങ്കല്‍ സൊസൈറ്റിക്ക് വീണ്ടും നേട്ടം; മൂന്നാം വര്‍ഷവും ലോകത്ത് രണ്ടാമത്

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലോകത്ത് രണ്ടാം സ്ഥാനത്ത്. വ്യവസായ അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് അംഗീകാരം.

ഒന്നാം സ്ഥാനം സ്‌പെയിനിലെ കോര്‍പ്പറേഷന്‍ മോണ്‍ട്രാഗോണ്‍ എന്ന തൊഴിലാളി സംഘത്തിനാണ്. മൂന്നുമുതല്‍ ആദ്യ പത്തു സ്ഥാനങ്ങള്‍ ഇറ്റലി, ജപ്പാന്‍, അമേരിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ്.

ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടായ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്.

2020ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022ലെ റിപ്പോര്‍ട്ടിലുള്ളത്. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്‍കി ആദരിച്ചിരുന്നു. ആ ആഗോള സമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണം സംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയും ഊരാളുങ്കല്‍ സൊസൈറ്റിക്കുണ്ട്.

 

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button