അന്തർദേശീയം

വഴിയാത്രക്കാരനുമായുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; കാനഡയിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ

ഒട്ടാവ : കാനഡയിലെ കാൽഗറിയിൽ വഴിയാത്രക്കാരനുമായുള്ള തർക്കം കൈയേറ്റത്തിൽ കലാശിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജ അറസ്റ്റിൽ. വാക്കുതർക്കം ശാരീരിക ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

വഴിയാത്രക്കാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതി വഴി നൽകിയില്ല എന്നാണ് ആരോപണം. തുടർന്ന് വഴിയാത്രക്കാരൻ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു. വീഡിയോയിൽ യുവതി വാഹനത്തിന്റെ പാസഞ്ചർ സീറ്റിൽ നിന്ന് പുറത്തിറങ്ങി വഴിയാത്രക്കാരനുമായി തർക്കത്തിൽ ഏർപ്പെടുന്നത് കാണാം. തന്റെ വീഡിയോ പകര്ത്തുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന യുവതി, തുടർന്ന് യുവാവിന്‍റെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

തുടര്‍ന്ന് സംഘര്‍ഷം ശാരീരിക അതിക്രമത്തിലേക്ക് മാറി. യുവതി വഴിയാത്രക്കാരന്‍റെ ബാഗിൽ പിടിച്ചുവലിക്കുകയും നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവ് ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്ന് ആക്രമണത്തിനിരയായ യുവാവ് പറയുന്നു. എന്നാൽ വൈറലായ വീഡിയോയെക്കുറിച്ചോ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചോ അധികാരികൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

സംഭവം സോഷ്യൽമീഡിയയിൽ വ്യാപക ചര്‍ച്ചക്ക് വഴിവെച്ചു.”ആളുകളുമായി ഇടപഴകുന്നതിനുമുമ്പ്, നിങ്ങളുടെ പേപ്പറുകൾ നിയമാനുസൃതമാണെന്ന് ഉറപ്പാക്കുക,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. നിങ്ങളുടേതല്ലാത്ത ഒരു രാജ്യത്ത് നിങ്ങൾക്ക് ഇങ്ങനെ പെരുമാറാൻ അവകാശമില്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.

ആഴ്ചകൾക്ക് മുൻപ് മറ്റൊരു ഇന്ത്യൻ വംശജ കാനഡയിൽ അറസ്റ്റിലായിരുന്നു.വാടകക്കാരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാജ് തിവാന എന്ന യുവതി അറസ്റ്റിലായത്. വീട്ടുടമസ്ഥ പലതവണ ഉപദ്രവിക്കുകയും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്തുവെന്ന് ആരോപിച്ച് വാടകക്കാരൻ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button