വീണ്ടും സംഘര്‍ഷ സാധ്യത രൂക്ഷമാക്കി യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും പശ്ചിമേഷ്യയില്‍

ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത രൂക്ഷമാകുന്നു. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇതോടെ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലും പട്രോളിംഗ് നടത്തുന്നുണ്ട്.
ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും മേഖലയിലേക്ക് എത്തിയിരിക്കുന്നത്. ഇവയ്ക്ക് പിന്തുണയുമായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം നടക്കുന്നുണ്ടെന്നും ഇതിന്റെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാൻ നിർദ്ദേശിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവച്ചിടാൻ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഏത് ബോട്ടുകളെയും വെടിവച്ചിടാനാണ് യുഎസ് നാവികസേനയ്ക്ക് ട്രംപ് ഉത്തരവ് നൽകിയിട്ടുള്ളത്. ഇതിൽ ഒരു മടിയും കാണിക്കേണ്ടതില്ല. ഇറാന്റെ 159 കപ്പലുകൾ ഇപ്പോൾ കടലിനടിയിലാണെന്നും ട്രംപ് പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണമായും നീക്കം ചെയ്യാൻ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വിലയിരുത്തൽ.



