അന്തർദേശീയം

ഇറാനിൽ ശക്തമായ വ്യോമാക്രമണം; 90 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്

വാഷിംഗ്ടൺ ഡിസി : ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാവികർക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.

ഇറാന്റെ തീരപ്രദേശങ്ങളിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ ശാലകൾ, നാവിക ശേഷികൾ, സൈനിക ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയുൾപ്പെടെ ഏകദേശം 90 സൈനിക കേന്ദ്രങ്ങളാണ് സൈന്യം ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നു.

ഇന്നലെ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നു. കഴിഞ്ഞ ദിവസം ഇതേ മേഖലയിലെ 80ലധികം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ലക്ഷ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. ആക്രണം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചനകള്‍. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതത്തിനുള്ള ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമേരിക്കൻ സൈനിക വക്താക്കൾ വ്യക്തമാക്കുന്നു.

അതേസമയം ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലുള്ള അഹ്‌വാസ് നഗരത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് അഹ്‌വാസ് നഗരാതിർത്തിയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും പരിക്കേറ്റവർക്കായുള്ള അടിയന്തര വൈദ്യസഹായവും പുരോഗമിക്കുകയാണെന്ന് ഖുസെസ്താൻ ഡെപ്യൂട്ടി ഗവർണർ വലിയുള്ള ഹയാതി അറിയിച്ചു.

മേഖലയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ശക്തമായി തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button