ഇറാൻ ചൈനയിൽ നിന്ന് അത്യാധുനിക മിസൈൽ ലോഞ്ചറുകൾ വാങ്ങുനതായി റിപ്പോർട്ട്

ടെഹ്‌റാൻ : അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇറാൻ ചൈനയിൽ നിന്ന് ആയുധം വാങ്ങുന്നതായി റിപ്പോർട്ട്. തോളിൽ വെച്ച് തൊടുക്കാവുന്ന ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ മിസൈൽ ലോഞ്ചറുകൾ (MANPADS) അടുത്ത ആഴ്ചകളിൽ തന്നെ ഇറാനിലെത്തുമെന്നാണ് വിവരം. ഏകദേശം 60 മുതൽ 70 മില്യൺ ഡോളർ വരെ വിലമതിക്കുന്നതാണ് ഈ സൈനിക കരാറെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. QW12, FN16 എന്നീ ചൈനീസ് ആയുധങ്ങളാണ് വാങ്ങുന്നത്. 300 മുതൽ 400 വരെ തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈൽ ലോഞ്ചറുകളാണ് ആദ്യ ഘട്ടത്തിൽ ഇറാൻ വാങ്ങുന്നത് എന്നാണ് വിവരം.
യുഎസും ഇസ്രായേലും ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധം ശക്തിപ്പെടുത്താൻ ഇറാൻ ശ്രമിക്കുന്നത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള ‘ഷോങ്ക്വിംഗ് ബാഷാങ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്’ (Zhongqing Baoshang International Investment) എന്ന കമ്പനിയാണ് ചൈനയ്ക്കും ഇറാനും തമ്മിലുള്ള ഇടനിലക്കാരായി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിലെ ഉറുംഖിയിൽ (Urumqi) നിന്ന് വിമാനമാർഗ്ഗം പാകിസ്താൻ വഴി ഇറാനിലേക്ക് മിസൈലുകൾ എത്തിക്കാനാണ് നിലവിലെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം വാർത്തകൾ ചൈനയും പാകിസ്താനും നിഷേധിച്ചിട്ടുണ്ട്. വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തങ്ങൾ സമാധാനം പ്രോത്സാഹിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്. ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ പങ്കുണ്ടെന്ന വാർത്തകൾ പാകിസ്താൻ സൈന്യവും നിഷേധിച്ചു. ഇത്തരം റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് പാകിസ്താൻ ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ ഏപ്രിൽ മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചൈനയുമായുള്ള സൈനിക ബന്ധം കൂടുതൽ ആഴത്തിലാക്കാനാണ് ഇറാന്റെ നീക്കമെന്ന് നിരീക്ഷകർ കരുതുന്നു.



