അന്തർദേശീയം

ഇറാഖിൽ ഇറാൻ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി–യുഎസ് സംയുക്ത ആക്രമണം

ബാഗ്ദാദ്‌ : ഇറാഖിൽ ഇറാൻ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി–യുഎസ് സംയുക്ത ആക്രമണം. സൗദി അറേബ്യയിലെ എണ്ണ സംസ്കരണശാലകൾക്കുനേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെന്നാരോപിച്ചാണ് ഇറാഖി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിനു (പിഎംഎഫ്) നേരെ ആക്രമണം നടത്തിയത്. സൈനിക നടപടിയിൽ എട്ടുപേർ കൊല്ലപ്പെട്ടതായി പിഎംഎഫ് അറിയിച്ചു. നാലു പേർക്ക് പരുക്കേറ്റു. യുഎസ് സെൻട്രൽ കമാൻഡുമായി ചേർന്ന് ഇറാഖിൽ ആക്രമണം നടത്തിയതായി നേരത്തെ സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സൗദി മാധ്യമങ്ങൾ പുറത്തുവിട്ടു. ഇറാഖിലെ ബസ്റ മേഖലയിൽ പിഎംഎഫിനു നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് അൽ അറേബ്യ പുറത്തുവിട്ടത്.

ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഷിയകളുടെ സായുധ ഗ്രൂപ്പാണ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ് അഥവാ അൽ ഹഷദ് അൽ ഷാബി. ഇറാഖിൽനിന്ന് ഐസിസ് ഭീകരരെ തുരത്താൻ ഇറാഖ് ജനത സഹായിക്കണമെന്ന് 2014ൽ ഗ്രാൻഡ് അയത്തുല്ല അലി അൽ സിസ്താനി ഫത്‌വ ഇറക്കിയതിനു പിന്നാലെയാണ് പിഎംഎഫ് രൂപീകരിക്കപ്പെട്ടത്.

‘അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണങ്ങളുടെയും കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും പെട്രോളിയം ശാലകളെ ലക്ഷ്യമിട്ട് നടന്ന ആക്രമണശ്രമങ്ങൾക്കും മറുപടിയായി ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കെതിരെ ഇറാഖിൽ ആക്രമണം നടത്തി. പ്രകോപനത്തിന് ഇല്ലെന്നും എന്നാൽ ഇങ്ങോട്ടുണ്ടാകുന്ന ആക്രമണങ്ങൾക്ക് കൃത്യമായി നൽകുമെന്നും ഭരണകൂടം ഉറപ്പു നൽകുന്നു.’–സൗദി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആക്രമണം ഇറാഖിന്റെ പരമാധികാരത്തിനു നേരെയുള്ള ലംഘനമാണെന്ന് പിഎംഎഫ് പ്രതികരിച്ചു.

യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാൻ നടത്താനിരുന്ന അപ്രതീക്ഷ ആക്രമണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തിയെന്ന് യുഎസ് വെളിപ്പെടുത്തിയതിന് മണിക്കൂറുകൾക്കകമാണ് സൗദിയുമായി ചേർന്ന് ഇറാഖിൽ യുഎസ് ആക്രമണം നടത്തുന്നത്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്ന് ഇറാനും വെളിപ്പെടുത്തിയിരുന്നു.

അതിനിടെ, ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച് അനധികൃത പാതയിലൂടെ മുന്നോട്ടുപോയ കപ്പലുകളെയാണ് വെടിവയ്പിലൂടെ തടഞ്ഞതെന്നും അനധികൃതമായി ഹോർമുസിൽ ഇടപെടാനുള്ള യുഎസിന്റെ ശ്രമങ്ങൾക്ക് മറുപടി നൽകുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button