മാൾട്ടയുടെ €60.6 മില്യൺ സോഷ്യൽ ക്ലൈമറ്റ് പദ്ധതിക്ക് യൂറോപ്യൻ കമ്മീഷന്റെ അംഗീകാരം

മാൾട്ടയുടെ €60.6 മില്യൺ മൂല്യമുള്ള സോഷ്യൽ ക്ലൈമറ്റ് പ്ലാൻ (Social Climate Plan)-ന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദ ഊർജ ഗതാഗത സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിന് സാമ്പത്തിക ബാധ്യത നേരിടുന്ന ദുര്‍ബല കുടുംബങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും സഹായം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2026 മുതൽ 2032 വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആകെ തുകയിൽ 45.4 ദശലക്ഷം യൂറോ യൂറോപ്യൻ യൂണിയൻ (EU) ധനസഹായം നൽകും. ബാക്കി വരുന്ന 15.2 ദശലക്ഷം യൂറോ മാൾട്ടീസ് സർക്കാർ വഹിക്കും
കാർബൺ പ്രൈസിംഗ് (Carbon Pricing) നയത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് ദുര്‍ബല കുടുംബങ്ങളെയും ഗതാഗത ഉപയോക്താക്കളെയും ചെറുകിട സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഈ ഫണ്ട് ഉപയോഗിക്കുക. യൂറോപ്യൻ യൂണിയൻ പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മാൾട്ടയിലെ ഊർജ ദാരിദ്ര്യം (Energy Poverty) കുറയ്ക്കുന്നതിനും ഏകദേശം 3,500 ടൺ കാർബൺ ഡൈഓക്സൈഡ് തുല്യമായ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ദുര്‍ബല കുടുംബങ്ങളുടെ വീടുകളിൽ മേൽക്കൂര ഇൻസുലേഷൻ, ഹീറ്റ് പമ്പ് വാട്ടർ ഹീറ്ററുകൾ, സോളാർ പാനലുകൾ, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് ഊർജക്ഷമത വർധിപ്പിക്കും.
കൂടാതെ, പൊതുമേഖലയിലെ സാമൂഹിക ഭവനങ്ങളുടെ നവീകരണത്തിനും 30,000-ത്തിലധികം ദുര്‍ബലരായ ആളുകൾക്ക് വീടുകളിലെത്തുന്ന കമ്മ്യൂണിറ്റി ഗതാഗത സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കും.
ഗതാഗതത്തെ ആശ്രയിക്കുന്ന ചെറുകിട സംരംഭങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനും ആവശ്യമായ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സാമ്പത്തിക സഹായം നൽകും.
സ്വീഡൻ, ലിത്വാനിയ, ലാത്വിയ, നെതർലാൻഡ്സ്, ഗ്രീസ്, ക്രൊയേഷ്യ, സ്ലോവേനിയ എന്നീ രാജ്യങ്ങൾക്കൊപ്പം സോഷ്യൽ ക്ലൈമറ്റ് പ്ലാൻ ഔദ്യോഗികമായി സമർപ്പിച്ച ആദ്യ എട്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഒന്നാണ് മാൾട്ട.
ഇതിൽ ആദ്യം അംഗീകാരം ലഭിച്ചത് സ്വീഡന്റെ പദ്ധതിക്കാണ്. തുടർന്ന് ലിത്വാനിയയുടെയും ലാത്വിയയുടെയും പദ്ധതികൾക്കും യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകിയിരുന്നു.



