ദേശീയം

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ജിബിടി ആശുപത്രി അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി. ഡല്‍ഹി അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

സത്യനികേതനിലുണ്ടായ ഹോസ്റ്റല്‍ ദുരന്തത്തിന് ഒരു മാസത്തിനുശേഷമാണ് തലസ്ഥാനത്ത് വീണ്ടും സമാന അപകടമുണ്ടാകുന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെയാണ് അപകടവിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചിരുന്നു.

ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി മേഖലയിലുണ്ടായ പ്രകമ്പനങ്ങളില്‍ കെട്ടിടത്തിന് വിള്ളലുകള്‍ വീണിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ആംബുലന്‍സുകള്‍ക്കും മറ്റ് രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ കടന്നുപോകുന്നതിനായി സീമാപുരി ഗോള്‍ ചക്കര്‍, ഡിഎല്‍എഫ് ഭോപുര റോഡുകളിലെ യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button