അന്തർദേശീയം

യുഎസ് സൈന്യം ഇറാനിലെ ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കൽപിക വിഡിയോ പങ്കുവച്ച് ട്രംപ്

വാഷിങ്ൺ ഡിസി : അമേരിക്കൻ സൈന്യം ഇറാനിലെ ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കൽപിക വിഡിയോ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് എഐ നിർമിത വിഡിയോ പങ്കുവച്ചത്. ഹോർമുസ് കടലിടുക്കിലെ ചെറു ദ്വീപായ ലാറക്കിൽ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്കുനേരെ യുഎസ് വ്യോമാക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ഭീഷണി. ‘ഖാർഗ് ദ്വീപിനെ ഛിന്നഭിന്നമാക്കും’ എന്ന തലക്കെട്ടോടെ പങ്കുവച്ച വിഡിയോയിൽ ഇറാന്റെ എണ്ണ ടാങ്കുകൾക്കും എണ്ണക്കപ്പലിനും നേരെ ആക്രമണം നടത്തുന്നതിന്റെ എഐ ദൃശ്യങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. മുകളിൽ ഒരു വിമാനത്തിൽനിന്ന് യുഎസ് സൈനികൻ ഇതു കാണുന്നതും വിഡിയോയിലുണ്ട്.

ഇറാനിൽ ജൂലൈ അവസാനത്തിനുശേഷം യുഎസ് ആദ്യമായി നടത്തുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം ലാറക്കിലുണ്ടായത്. ഹോർമുസ് കടലിടുക്കിൽ കൂടുതൽ കടൽ മൈനുകൾ സ്ഥാപിക്കുന്നതിൽനിന്ന് ഇറാനെ തടയുന്നത് ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യുഎസ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിരുന്ന മൈനുകൾ എല്ലാം നീക്കിയെന്ന് യുഎസ് പ്രഖ്യാപിച്ചതിനു ദിവസങ്ങൾക്കകമാണ് ലാറക്കിലെ ആക്രമണം. അതേസമയം, ഖാർഗ് ദ്വീപ് ആക്രമിക്കുമെന്നും പിടിച്ചടക്കുമെന്നും ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ യുഎസ് ഖാർഗിനുനേരെ ആക്രമണം നടത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button