അന്തർദേശീയം

ലൈംഗിക അതിക്രം, അപകീർത്തിക്കേസ് : എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകി ട്രംപ്

വാഷിങ്ടൺ ഡിസി : ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്ഥാപനത്തിനു കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പണം കൈമാറിയത്. ട്രംപിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് നടപടി.

2023ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്. 1996 ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കരോളിന്റെ പരാതി. ഈ ആരോപണം നിഷേധിച്ച ട്രംപിനെതിരെ കരോൾ ഫയൽ ചെയ്ത കേസുകളിൽ ഇതുവരെ ആകെ 88.3 മില്യൻ ഡോളറിന്റെ വിധികളാണ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്. കരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദിച്ചിരുന്നു. എന്നാൽ 5 മില്യൻ ഡോളറിന്റെ ഈ വിധിയ്ക്കെതിരെ ട്രംപ് നൽകിയ അപ്പീൽ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

നഷ്ടപരിഹാര തുക കരോളിനു ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അവരുടെ അഭിഭാഷക റോബർട്ട കപ്ലാൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ട്രംപിന്റെ നിയമസംഘം ആവർത്തിച്ചു.
:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button