മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാൽ : മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
നാഗ, കുക്കി വിഭാഗങ്ങളിലെ ആയുധധാരികളായ ആളുകള്‍ തമ്മില്‍ വെടിവെപ്പുണ്ടായതാണ് ആദ്യത്തെ സംഭവമെന്ന് പൊലീസ് അറിയിച്ചു. സിനാകേയ്‌തേയ് ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഹോര്‍ഷോക്മി ജമാങ് എന്നയാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
മറ്റൊരു സംഘര്‍ഷമുണ്ടായത് മുല്ലം ഗ്രാമത്തിലാണെന്നും പൊലീസ് അറിയിച്ചു. കുക്കികള്‍ക്ക് സ്വാധീനമുള്ള ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാഗ കേഡര്‍മാര്‍ കുക്കികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുല്ലം ഗ്രാമത്തില്‍ നാഗ വിഭാഗക്കാര്‍ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നുവെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. വെള്ളിയാഴ്ച അഞ്ചരയോടെയാണ് സംഘര്‍ഷമുണ്ടായതെന്നും കുക്കി സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.
ഉക്‌റുല്‍ ജില്ല നാഗകള്‍ക്ക് സ്വാധീനമുള്ള ജില്ലയാണ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മേഖലയില്‍ ചെറു സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ മെയ്‌തേയ്-കുക്കി സംഘര്‍ഷത്തിനൊപ്പം പുതിയൊരു പോര്‍മുഖം കൂടിയാണ് മണിപ്പൂരില്‍ തുറക്കുന്നത്.
അതേസമയം, മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 58881 പേര്‍ കുടിയിറക്കപ്പെട്ടതായും 10000 വീടുകള്‍ തകര്‍ന്നതായുമാണ് വിവരാവകാശ രേഖ വഴിയുള്ള വിവരം. കലാപത്തില്‍ 217 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാവ് ഹരേശ്വര്‍ ഗോസ്വാമി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമര്‍പ്പിച്ച വിവരാവകാശത്തിനുള്ള മറുപടി തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ നല്‍കിയത്.
മൂന്ന് വര്‍ഷമായി തുടരുന്ന മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ കുടിയിറക്കപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കാണ് പുറത്താണ് വന്നത്. 2023 മെയ് മൂന്നുമുതല്‍ പൂര്‍ണമായും ഭാഗികമായും നശിച്ച വീടുകളുടെ ആകെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 7894 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്നും 2646 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും രേഖയില്‍ പറയുന്നു. ആക്രമണങ്ങളില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയ നഷ്ടപരിഹാര കണക്കുകള്‍ പ്രകാരം മരണങ്ങളുടെ എണ്ണം 217 ആണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരികുന്നത്. കലാപത്തില്‍ ഇതുവരെ 260ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം



