സെർബിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ച് ‘സ്റ്റുഡൻ്റ് ലിസ്റ്റ്’

ബെൽഗ്രേഡ് : സെർബിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അലക്സാണ്ടർ വുകിക്കിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെ പരാജയപ്പെടുത്തി വിദ്യാർഥികൾ നയിക്കുന്ന പ്രതിപക്ഷ കൂട്ടായ്മയായ സ്റ്റുഡന്റ് ലിസ്റ്റിന് മുന്നേറ്റം. 250 അംഗ പാർലമെന്റിൽ സ്റ്റുഡന്റ് ലിസ്റ്റ് 135 മുതൽ 140 വരെ സീറ്റു നേടിയപ്പോൾ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്കു 105 സീറ്റേ നേടാനായുള്ളൂ. സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുടെ 14 വർഷത്തെ കുത്തക തകർത്താണ് സ്റ്റുഡന്റ് ലിസ്റ്റിന്റെ വിജയം. സ്റ്റുഡന്റ് ലിസ്റ്റിൻ്റെ വിജയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇതിനിടെ പ്രാഥമിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ തലസ്ഥാനമായ ബെൽഗ്രേഡിലും മറ്റു നഗരങ്ങളിലും വിദ്യാർഥി പ്രസ്ഥാനത്തിന്റെ അനുയായികൾ തെരുവുകളിൽ വിജയം ആഘോഷിച്ചു. വാഹനങ്ങളുടെ ഹോൺ മുഴക്കിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് അവർ വിജയം ആഘോഷിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിദ്യാർഥികളുടെ പിന്തുണയുള്ള പ്രതിപക്ഷ മുന്നേറ്റത്തോട് പരാജയം സമ്മതിച്ച് അലക്സാണ്ടർ വുസിച്ച് രംഗത്തെത്തി. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ പുറത്തുവന്നതോടെയാണ് വുസിച്ച് പരാജയം അംഗീകരിച്ചത്. ഇതോടെ സെർബിയൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്. വിദ്യാർഥികളുടെ പിന്തുണയുള്ള ‘സ്റ്റുഡന്റ്സ് ലിസ്റ്റ്’ പാർലമെന്റിലെ 250 സീറ്റുകളിൽ 135 മുതൽ 140 വരെ സീറ്റുകൾ നേടുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് വുസിച്ച് പറഞ്ഞു. തന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് ഏകദേശം 105 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. സ്റ്റുഡന്റ്സ് ലിസ്റ്റ് വിജയിച്ചു’ എന്നായിരുന്നു വുസിച്ചിൻ്റെ പ്രതികരണം.
സെർബിയയിൽ വർഷങ്ങളായി അധികാരം കൈയാളിയിരുന്ന വുസിച്ചിന്റെ രാഷ്ട്രീയ സ്വാധീനത്തിന് വലിയ വെല്ലുവിളിയായാണ് വിദ്യാർഥി പ്രസ്ഥാനം ഉയർന്നുവന്നത്. 2024 നവംബറിൽ നോവി സാദ് നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് 16 പേർ മരിച്ചതോടെയാണ് വിദ്യാർഥി പ്രതിഷേധങ്ങൾക്ക് തുടക്കമായത്. റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിലെ അഴിമതിയും ഗുരുതരമായ അനാസ്ഥയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട് ഇത് സർക്കാരിനെതിരായ വിശാലമായ പ്രക്ഷോഭമായി വളർന്നു. അഴിമതി അവസാനിപ്പിക്കുക, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുക, ഭരണത്തിൽ ഉത്തരവാദിത്വം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ മുന്നോട്ടുവച്ചു. സർവകലാശാലാ വിദ്യാർഥികൾ മാത്രമായിരുന്നു തുടക്കത്തിൽ ഇതിനെ പിന്തുണച്ചതെങ്കിലും പിന്നീട് പരമ്പരാഗത രാഷ്ട്രീയ നേതൃത്വങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട നിരവധി പേർ വിദ്യാർത്ഥി മുന്നേറ്റത്തിനൊപ്പം ചേരുകയായിരുന്നു.
2014ൽ പ്രധാനമന്ത്രിയായും 2017ൽ പ്രസിഡന്റായും അധികാരത്തിലെത്തിയ വുസിച്ച് ഒരു ദശാബ്ദത്തിലേറെയായി സെർബിയൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പിന്തുണയുള്ള നേതാവാണ് വുസിച്ച്. വിദ്യാർത്ഥി പ്രസ്ഥാനത്തെ വിദേശശക്തികൾ നയിക്കുന്ന അധികാരമാറ്റശ്രമമെന്നായിരുന്നു വുസിച്ച് വിശേഷിപ്പിച്ചിരുന്നത്. വുസിച്ച് പ്രസിഡന്റായുള്ള പദവിയിൽനിന്ന് കഴിഞ്ഞ മാസം രാജിവച്ചിരുന്നു. പ്രധാനമന്ത്രിപദത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുന്നേറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ചു.



