ഈ ഹാലോവീന് സോംബികൾക്കൊപ്പം ടൈഗർ ബസിൽ യാത്ര ചെയ്യാം; പേടിപ്പിക്കുന്ന ട്രിപ്പുമായി സൗത്ത് കൊറിയ

സിയോൾ : യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ബസിൽ പെട്ടെന്ന് സോംബികൾ കയറി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… വെറും ഫാന്റസി എന്നു കരുതി തള്ളിക്കളയേണ്ട. സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള സോംബികളെ നേരിട്ട് ബസിൽ എത്തിച്ചിരിക്കുകയാണ് സൗത്ത് കൊറിയ. 2026 ലെ ഹാലോവീന്റെ ഭാഗമായാണ് സിയോൾ നഗരം ചുറ്റിയടിക്കുന്ന ടൈഗർ ബസുകളിലേക്ക് സോംബികളെ കയറ്റി വിട്ടിരിക്കുന്നത്. സാധാരണ രീതിയിൽ നഗരം ചുറ്റി കാഴ്ചകൾ കണ്ടു മടങ്ങുന്നതിനായാണ് ടൈഗർ ബസുകളിൽ യാത്രക്കാർ കയറാറുള്ളത്.
പക്ഷേ ഇത്തവണ പുറകേ ഓടിവന്ന് ജനലിലൂടെ ഓടിക്കയറുന്ന സോംബികളെ കൂടിയാണ് ടൂറിസം വകുപ്പ് ബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ ട്രെയിൻ ടു ബുസാൻ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബസിൽ സോംബികളെ എത്തിച്ചിരിക്കുന്നത്. മാത്രമല്ല യാത്രക്കാർക്ക് സോംബികളുമായി ഇടപഴകാനും ഡ്രാമയിൽ ഭാഗമാകാനും അവസരവും നൽകും. ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം യഥാർഥത്തിൽ ഉണ്ടാക്കുകയാണ് വിനോദസഞ്ചാരികൾക്കു വേണ്ടിയെന്ന് ടൈഗർ ബസ് മാർക്കറ്റിങ് ടീം കിം മിൻജുങ് പറയുന്നു.
യാത്രക്കാർക്കിടയിൽ സോംബിയായി എത്താൻ അനവധി സോംബി സിനിമകളാണ് കണ്ടു തീർത്തതെന്ന് നടൻ കാങ് യൂൺ ചാൻ പറയുന്നു. എന്തായാലും സോംബി ടൂറിന് ആരാധകർ ഏറെയാണ്. 1080 പേരാണ് യാത്രയ്ക്കു വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. ഒക്റ്റോബർ 31ന് സോംബി യാത്ര അവസാനിക്കും. 100 മിനിറ്റ് നീണ്ടു നിൽക്കുന്ന രാത്രി യാത്രയാണ് ടൈഗർ ബസ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



