മാൾട്ടാ വാർത്തകൾ

കടലാമകളുടെ ‘തീരജീവിതം’ പ്രതിസന്ധിയിൽ; തിരക്കേറിയ ബീച്ചുകളിൽ മുട്ടയിടുന്നത് വംശനാശഭീഷണി ഉയർത്തുന്നതെന്ന് പഠനം

കടലാമകളുടെ ‘തീരജീവിതം’ പ്രതിസന്ധിയിൽ; തിരക്കേറിയ ബീച്ചുകളിൽ മുട്ടയിടുന്നത് വംശനാശഭീഷണി ഉയർത്തുന്നതെന്ന് പഠനം

മെഡിറ്ററേനിയൻ തീരങ്ങളിൽ ലോഗർഹെഡ് കടലാമകൾ മനുഷ്യസാന്നിധ്യം കൂടുതലുള്ള വിനോദസഞ്ചാര ബീച്ചുകളിൽ കൂട്ടത്തോടെ മുട്ടയിടാനെത്തുന്നത് ആശങ്കയുയർത്തുന്നു. ഈ പ്രതിഭാസത്തെ പരിസ്ഥിതിയുടെ വീണ്ടെടുപ്പായി സഞ്ചാരികൾ ആഘോഷിക്കുമ്പോഴും, അതിനു പിന്നിൽ ആമക്കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക സമ്മർദ്ദങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ‘ഫ്രോണ്ടിയേഴ്സ് ഇൻ ഓഷ്യൻ സസ്റ്റൈനബിലിറ്റി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ആഗോളതാപനം മൂലം സമുദ്രോപരിതലത്തിലെ താപനില വർധിച്ചതോടെ, പരമ്പരാഗതമായി മുട്ടയിട്ടിരുന്ന ഇടങ്ങളിൽ നിന്ന് വടക്കോട്ടും പടിഞ്ഞാറോട്ടും മാറാൻ കടലാമകൾ നിർബന്ധിതരാകുകയാണ്. മാൾട്ട പോലുള്ള തീരപ്രദേശങ്ങളിൽ ലഭ്യമായ മണൽബീച്ചുകൾ വളരെ കുറവായതിനാൽ, വിനോദസഞ്ചാരികളും ബോട്ടുകളും കഫേകളും നിറഞ്ഞ തിരക്കേറിയ സ്ഥലങ്ങളിൽ മുട്ടയിടാൻ ആമകൾ നിർബന്ധിതരാകുന്നു. ഇതാണ് ശാസ്ത്രജ്ഞർ ‘കോസ്റ്റൽ സ്ക്വീസ്’ അഥവാ തീരദേശ ഞെരുക്കം എന്ന് വിശേഷിപ്പിക്കുന്നത്.

മുട്ടകൾ വിരിയാതിരിക്കുന്നതിനെ കേവലം ഒരു പരാജയമായി കാണാതെ, ആമക്കുഞ്ഞുങ്ങൾ വികാസത്തിന്റെ ഘട്ടത്തിൽ നേരിട്ട കടുത്ത സമ്മർദ്ദത്തിന്റെ രേഖയായാണ് ഗവേഷകർ കണക്കാക്കുന്നത്. കടലിലെ ബോട്ടുകളിൽ നിന്നുള്ള താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങൾ മണലിലൂടെ സഞ്ചരിച്ച് മുട്ടയ്ക്കുള്ളിലെ ഭ്രൂണങ്ങളുടെ വിരിയൽ പ്രക്രിയയെ താറുമാറാക്കുന്നു. കൂടാതെ, ബീച്ചുകളിലെ അമിതമായ മനുഷ്യസാന്നിധ്യവും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളും മണലിനെ കട്ടിയുള്ളതാക്കി മാറ്റുന്നു. ഇത് മുട്ടയ്ക്കുള്ളിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് തടയുന്നതോടെ, ഭ്രൂണങ്ങൾ ശ്വാസംമുട്ടി മരിക്കുന്ന അവസ്ഥയുണ്ടാകുന്നു.

ഭൂമിയുടെ കാന്തിക മണ്ഡലത്തെ അടിസ്ഥാനമാക്കി ജന്മസ്ഥലത്തേക്ക് തിരികെയെത്തുന്ന ആമകൾക്ക്, തീരങ്ങളിലെ സ്റ്റീൽ നിർമ്മിതികളും ഭിത്തികളും വലിയ ദിശാഭ്രമമുണ്ടാക്കുന്നുണ്ട്. ഇത് അവയെ കൃത്രിമ നിർമ്മിതികളിലേക്ക് ആകർഷിക്കുന്ന ‘പരിണാമപരമായ കെണികൾ’ (Evolutionary traps) സൃഷ്ടിക്കുന്നു.

ഈ പ്രതിസന്ധിക്ക് പരിഹാരമായി ആമകൾ മുട്ടയിടുന്ന 50 ദിവസത്തെ ഇൻകുബേഷൻ കാലയളവിൽ ബീച്ചുകളിൽ വെളിച്ചവും ശബ്ദവും കുറച്ചുകൊണ്ട് ‘സെൻസറി കോറിഡോറുകൾ’ ഒരുക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. വിരിയാത്ത മുട്ടകളെ പരിസ്ഥിതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരശേഖരണമായി കണ്ട്, ശാസ്ത്രീയമായ തീരദേശ നയങ്ങൾ രൂപീകരിച്ചാൽ മാത്രമേ വംശനാശഭീഷണി നേരിടുന്ന ഈ ജീവികളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും പഠനം അടിവരയിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button