മാൾട്ടാ വാർത്തകൾ

മനുഷ്യ സാന്നിധ്യം കൂടുതലുള്ള കടൽത്തീരങ്ങളിൽ കടലാമകളുടെ സാന്നിധ്യം; പൊതുജനം ജാഗ്രത പാലിക്കാൻ ഇആർഎ നിർദ്ദേശം

കടൽത്തീരങ്ങളിൽ കടലാമകളെ കണ്ടെത്തിയാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ശബ്ദം പരമാവധി കുറയ്ക്കണമെന്നും എൻവിറോൺമെന്റ് ആൻഡ് റിസോഴ്‌സ് അതോറിറ്റി (ERA) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അതോറിറ്റി നിർദ്ദേശം നൽകിയത്.

നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ മുട്ടയിടാതെ കടലാമകൾ കടലിലേക്ക് തന്നെ മടങ്ങാൻ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കടലാമകളെ കണ്ട വിവരം അറിയിച്ചവർക്കും ഇതിന്റെ വീഡിയോ പങ്കുവെച്ച വ്യക്തിക്കും ഇ.ആർ.എ നന്ദി അറിയിച്ചു.

മനുഷ്യരുടെ സാന്നിധ്യം കൂടുതലുള്ള തീരങ്ങളിൽ കടലാമകൾ വ്യാപകമായി മുട്ടയിടാൻ എത്തുന്ന പുതിയ പ്രവണതയുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്ന് ‘എംബ്രിയോണിക് മോർഫോമെട്രിക്സ്’ പഠനങ്ങൾ വ്യക്തമാക്കുന്നു.

പരമ്പരാഗതമായി ഇവ മുട്ടയിട്ടിരുന്ന പ്രദേശങ്ങളിൽ കടൽവെള്ളത്തിന്റെ താപനില ഉയർന്നതോടെ, ‘ലോഗർഹെഡ്’ (Caretta caretta) ഇനത്തിൽപ്പെട്ട കടലാമകൾ താരതമ്യേന തണുപ്പുള്ള വടക്ക്-പടിഞ്ഞാറൻ തീരങ്ങളിലേക്ക് മാറാൻ നിർബന്ധിതരാകുകയാണ്. ഇത് മാൾട്ടയിലെ ദ്വീപുകളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മാൾട്ടയിലെ ആകെ തീരദേശത്തിന്റെ 2.4% മാത്രമാണ് മണൽത്തിട്ടകളുള്ളത്. അതിനാൽ വിനോദസഞ്ചാരികളും കഫേകളും ബോട്ടുകളും നിറഞ്ഞ തിരക്കേറിയ തീരങ്ങളിൽ തന്നെ മുട്ടയിടാൻ ഇവ നിർബന്ധിതരാകുന്നു.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് മനുഷ്യരുടെ ഇടപെടലുകളും ശബ്ദകോലാഹലങ്ങളും കുറഞ്ഞപ്പോൾ കടലാമകൾ കൂടുതൽ സുരക്ഷിതമായി മുട്ടയിട്ടിരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമ വെളിച്ചവും ശബ്ദവും ഇവയ്ക്ക് വലിയ ഭീഷണിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കടലാമകളെയോ അവയുടെ സാന്നിധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഇ.ആർ.എ (ERA) യെയോ (ഫോൺ: 2292 3500) അല്ലെങ്കിൽ ‘നേച്ചർ ട്രസ്റ്റ് വൈൽഡ്‌ലൈഫ് റെസ്‌ക്യൂ ടീമിനെയോ’ (ഫോൺ: 9999 9505) ഉടൻ വിവരമറിയിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button