അന്തർദേശീയം

ഭൂമിയിൽ വെള്ളം ഉണ്ടായത് എങ്ങിനെ?; പുതിയ പഠനവുമായി യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ ഗവേഷകർ

വാഷിങ്ടൺ ഡിസി : നമ്മുടെ ഭൂമിയുടെ മുക്കാൽ ഭാഗവും വെള്ളത്താൽ മൂടപ്പെട്ടിരിക്കുകയാണ്. മനുഷ്യശരീരമെടുത്താലും പകുതിയിലധികവും വെള്ളം തന്നെയാണ്. ജീവന്റെ നിലനിൽപ്പിന് ഏറ്റവും അടിസ്ഥാന ആവശ്യമായ ഈ ജലസമ്പത്ത് യഥാർഥത്തിൽ എവിടെ നിന്നാണ് ഭൂമിയിലേക്ക് എത്തിയത്? ഈ ജലം എവിടെനിന്ന്, എങ്ങനെ ഭൂമിയിൽ എത്തി എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും വലിയ ഗവേഷണങ്ങൾ നടക്കുകയാണ്. സൗരയൂഥത്തിന്റെ തുടക്കത്തിൽ ഉയർന്ന ചൂടിലായിരുന്ന ഭൂമിയിലേക്ക് ഉരുകിയ ഉൽക്കകൾ വഴിയാണ് ജലം എത്തിയത് എന്നായിരുന്നു മുമ്പത്തെ പ്രധാന നിഗമനം. എന്നാൽ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ ഗവേഷകർ നടത്തിയ പുതിയ പഠനം ഈ പഴയ ധാരണയെ തിരുത്തുന്നു.

സൗരയൂഥം രൂപപ്പെട്ട കാലം മുതൽ ബഹിരാകാശത്ത് കറങ്ങിനടക്കുന്ന ഉരുകിയ ഉൽക്കകളെ (achondrites) പരിശോധിച്ചപ്പോഴാണ് ശാസ്ത്രജ്ഞർക്ക് പുതിയ വിവരങ്ങൾ ലഭിച്ചത്. ഈ ഉൽക്കകളിൽ ജലത്തിന്റെ അളവ് വളരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഇവയുടെ ആകെ ഭാരത്തിന്റെ രണ്ട് ദശലക്ഷത്തിൽ ഒന്നിൽ താഴെ മാത്രമേ ജലാംശമുള്ളൂ. സൗരയൂഥത്തിന്റെ തണുപ്പുള്ള പുറംഭാഗങ്ങളിൽ നിന്നുള്ള ഉൽക്കകളിൽ ധാരാളം ജലമുണ്ടാകും എന്നായിരുന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ ബഹിരാകാശ വസ്തുക്കൾ ഉയർന്ന ചൂടിൽ ഉരുകുമ്പോൾ അവയിലെ ജലാംശം ഏതാണ്ട് പൂർണമായും ബാഷ്പീകരിച്ചു പോകുന്നു എന്ന് പുതിയ പരിശോധനകളിൽ തെളിഞ്ഞു. അതിനാൽ ഉരുകിയ ഉൽക്കകളല്ല ഭൂമിയിലേക്ക് സമുദ്രങ്ങളുണ്ടാകാനുള്ള ജലം എത്തിച്ചത് എന്ന് ഉറപ്പാക്കാം.

പഠനത്തിനായി ഗവേഷകർ ഏഴ് വ്യത്യസ്ത ഉരുകിയ ഉൽക്കകളുടെ ഘടനയാണ് പരിശോധിച്ചത്. ഇവയിലെ മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, സിലിക്കൺ എന്നിവയുടെ അളവ് പരിശോധിക്കാൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചു. ഉരുകിയ ഉൽക്കകളിൽ ജലമില്ലെന്ന് കണ്ടെത്തിയതോടെ, ‘കാർബണേഷ്യസ് കോൺഡ്രൈറ്റുകൾ’ എന്നറിയപ്പെടുന്ന ഉരുകാത്ത ഉൽക്കകളാണ് ഭൂമിയിലേക്ക് ജലം എത്തിച്ചത് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം എത്തിയിരിക്കുന്നത്. ഇത്തരം ഉരുകാത്ത ഉൽക്കകളിൽ 20 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. സൗരയൂഥ രൂപീകരണത്തിന് ശേഷം ഇത്തരം ഉൽക്കകൾ ഭൂമിയിൽ പതിച്ചപ്പോഴാണ് ഭൂമിയിൽ ജലവും സമുദ്രങ്ങളും രൂപപ്പെട്ടത്.

ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ജലം അത്യാവശ്യമാണ്. സൂര്യനോട് താരതമ്യേന അടുത്തുനിൽക്കുന്ന, ചെറിയൊരു ഗ്രഹമായ ഭൂമിയിൽ എങ്ങനെ ജലം രൂപപ്പെട്ടു എന്ന് മനസിലാക്കുന്നത് മറ്റ് ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള പഠനങ്ങൾക്ക് വലിയ സഹായമാകും. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ ജിയോളജി പ്രഫസർ മേഗൻ ന്യൂകോമ്പിന്റെ നേതൃത്വത്തിൽ നടന്ന ഈ നിർണായക പഠനം പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചർ’ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button