അന്തർദേശീയം
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത് : സമാധാനക്കരാർ കാറ്റിൽപ്പറത്തി തെക്കൻ ലെബനനിൽ ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു. അൻസാർ ഗ്രാമത്തിലെ ജനവാസ മേഖലയിലുള്ള വീടിന് നേരെയാണ് യുദ്ധവിമാനങ്ങൾ ബോംബിട്ടത്.
കഴിഞ്ഞ ജൂൺ 20-ന് നിലവിൽ വന്ന താല്കാലിക വെടിനിർത്തലിന് ശേഷം ലബനനിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ജൂൺ 26-ന് ഇരു രാജ്യവും ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. തന്ത്രപ്രധാനമായ അലി താഹർ കുന്നുകൾക്കുനേരെയും ശനിയാഴ്ച ബോംബാക്രമണമുണ്ടായി. മാർച്ച് രണ്ടി-ന് ആരംഭിച്ച സൈനിക നടപടിയിൽ ലെബനനിൽ ഇതുവരെ നാലായിരത്തിലേറെ പേർ കൊല്ലപ്പെട്ടു.



