ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് വധശ്രമം പരാജയപ്പെടുത്തിയെന്ന് നെതർലൻഡ്‌സ്

ഹേഗ് : ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ടുള്ള വധശ്രമം പരാജയപ്പെടുത്തിയതായി നെതർലൻഡ്‌സ് അധികൃതർ. ഡച്ച് രാജകുമാരിമാരായ കാതറിന അമാലിയ(22), സഹോദരി അലക്‌സിയ(20) എന്നിവർക്ക് നേരേയാണ് വധശ്രമമുണ്ടായത്. സംഭവത്തിൽ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ അറസ്റ്റ് ചെയ്തതായും നെതർലൻഡ്‌സ് അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാവി രാഞ്ജിയായ അമാലിയയെയും സഹോദരിയെയും ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായത്. നാസി ആശയങ്ങളുടെ പ്രചോദനത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാളിൽനിന്ന് ‘അലക്‌സിയ’, ‘മൊസാദ്’ തുടങ്ങിയ വാക്കുകൾ ആലേഖനംചെയ്ത രണ്ടുവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. നാസി കാലഘട്ടത്തിൽ അഭിവാദ്യം ചെയ്തിരുന്ന ‘സീഗ് ഹെയ്ൽ’ എന്ന വാക്കും വാളുകളിൽ കുറിച്ചിരുന്നു. ഇതിനുപുറമേ ‘അമാലിയ’, ‘അലക്‌സിയ’ ‘രക്തച്ചൊരിച്ചിൽ’ എന്നിങ്ങനെയുള്ള വാക്കുകളടങ്ങിയ ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഹേഗിൽവെച്ച് ഫെബ്രുവരിയിൽ അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, വധശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഹേഗ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ സ്വകാര്യത നിയമപ്രകാരം പ്രതിയുടെ മറ്റുവിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
വില്ലെം അലക്‌സാണ്ടർ രാജാവിന്റെയും മാക്‌സിമ രാഞ്ജിയുടെയും മക്കളാണ് അമാലിയയും അലക്‌സിയയും. ഏപ്രിൽ 27-ന് നടന്ന ‘കിങ്‌സ് ഡേ’ ആഘോഷത്തിൽ വൻ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഇവർ പങ്കെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് ഫെബ്രുവരിയിൽ രാജകുമാരിമാർക്ക് നേരേ നടന്ന വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
നെതർലൻഡ്‌സിലെ കിരീടാവകാശിയായ അമാലിയയെ ലക്ഷ്യമിട്ട് നേരത്തേ ചില തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അധികൃതർ ഇത് പരാജയപ്പെടുത്തുകയായിരുന്നു.
2022-ൽ മയക്കുമരുന്ന് മാഫിയയാണ് രാജകുമാരിയെയും ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെയെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. മാഫിയ സംഘാംഗങ്ങളുടെ രഹസ്യമായ ആശയവിനിമയം അന്വേഷണ ഏജൻസികൾക്ക് ചോർന്നുകിട്ടിയതോടെയാണ് ഈ പദ്ധതി പരാജയപ്പെടുത്തിയത്. 2020-ൽ ഒരാൾ അമാലിയക്കെതിരേ ബലാത്സംഗ ഭീഷണിയും മുഴക്കിയിരുന്നു. ഇതേത്തുടർന്ന് രാജകുമാരിക്ക് ഒളിവിൽപോകേണ്ട സാഹചര്യമുണ്ടായി.
2022-ൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അമാലിയക്ക് ആംസ്റ്റർഡാമിലെ പഠനം ഉപേക്ഷിച്ച് കൊട്ടാരത്തിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഏറെക്കാലം ഹേഗിലെ കൊട്ടാരത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് അമാലിയ കഴിഞ്ഞിരുന്നത്. തുടർന്ന് 2024-ലാണ് പഠനം പൂർത്തിയാക്കാനായി രഹസ്യമായി മാഡ്രിഡിലേക്ക് താമസം മാറ്റിയത്.
സുരക്ഷാപ്രശ്‌നങ്ങളാൽ മകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ പോലും കഴിയുന്നില്ലെന്ന് മാക്‌സിമ രാഞ്ജിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. അവൾക്ക് ആംസ്റ്റർഡാമിൽ താമസിക്കാനാകുന്നില്ല. കൊട്ടാരത്തിന് പുറത്തുപോലും പോകാൻ കഴിയില്ല. ഇത് അവളുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും മാക്‌സിമ രാഞ്ജി പറഞ്ഞിരുന്നു. തനിക്ക് സാധാരണ ജീവിതം നഷ്ടമായതായി പിന്നീട് അമാലിയയും പറഞ്ഞിരുന്നു.



