സംരക്ഷിത പക്ഷി വർഗ്ഗത്തിൽപ്പെട്ട കുളക്കൊക്കുകളെ വേട്ടയാടി; രണ്ട് പേർ പിടിയിൽ

സോങ്കോർ തീരത്ത് സംരക്ഷിത ഇനത്തിൽപ്പെട്ട സ്ക്വാക്കോ ഹെറണുകളെ (Squacco Herons) വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ട് പേരെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ എൻവിറോൺമെന്റൽ പ്രൊട്ടക്ഷൻ യൂണിറ്റ് പിടികൂടി. വ്യാഴാഴ്ച രാവിലെ സംരക്ഷിത വിഭാഗത്തിൽപ്പെട്ട കുളക്കൊക്കുകളുടെ (Squacco Herons) കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത്തെന്നും മൂന്ന് പക്ഷികൾ കൊല്ലപ്പെട്ടതായും സംഭവം ക്യാമറയിൽ പകർത്തിയ ബേർഡ്ലൈഫ് മാൾട്ട (BirdLife Malta) അറിയിച്ചു.
ഇൻവാഡർ പാർക്കിന് (Inwadar Park) സമീപമുള്ള തീരപ്രദേശത്ത് വിശ്രമിക്കുകയായിരുന്ന മുപ്പതോളം കുളക്കൊക്കുകളുടെ കൂട്ടത്തിന് നേരെയാണ് വേട്ടയാടൽ നടന്നത്. പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ബേർഡ്ലൈഫ് മാൾട്ട സംഘം, വാഹനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ തോക്കുമായി പക്ഷികൾക്ക് നേരെ നടന്നുനീങ്ങുന്നത് കണ്ടതിനെ തുടർന്ന് ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നതിനിടയിൽ തന്നെ വേട്ടക്കാരൻ പക്ഷികൾക്ക് നേരെ രണ്ടുതവണ വെടിയുതിർത്തു. രണ്ട് പക്ഷികൾ കൊല്ലപ്പെട്ട് കടലിൽ വീഴുകയും, പരിക്കേറ്റ മൂന്നാമത്തെ പക്ഷി തീരത്തേക്ക് നീന്തുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെയാൾ ഈ പക്ഷിയെ കണ്ടെത്തുകയും വേട്ടക്കാരൻ വീണ്ടും വെടിവെച്ച് ഇതിന്റെ മരണം ഉറപ്പാക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതികൾ കൊല്ലപ്പെട്ട പക്ഷികളെ കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇ.പി.യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. കടലിൽ വീണ രണ്ട് പക്ഷികളുടെയും തീരത്തുണ്ടായിരുന്ന മൂന്നാമത്തെ പക്ഷിയുടെയും മൃതദേഹങ്ങൾ തെളിവായി ഇ.പി.യു സംഘം വീണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
മുയൽ വേട്ടയ്ക്കുള്ള ലൈസൻസിന്റെ മറവിലാണ് പകൽവെളിച്ചത്തിൽ ഇത്തരത്തിലുള്ള നിയമവിരുദ്ധ വേട്ടയാടൽ നടക്കുന്നതെന്ന് ബേർഡ്ലൈഫ് മാൾട്ട സംരക്ഷണ വിഭാഗം മേധാവി നിക്കോളാസ് ബാർബറ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യധരണ്യാഴി വഴിയുള്ള പക്ഷികളുടെ ശരത്കാല ദേശാടന കാലം ആരംഭിച്ച സാഹചര്യത്തിൽ, തീരദേശങ്ങളിൽ നിയമവിരുദ്ധ വേട്ടയാടലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 119 എന്ന നമ്പറിൽ പൊലീസിനെ വിവരമറിയിക്കണമെന്ന് ബേർഡ്ലൈഫ് മാൾട്ട പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



