മാൾട്ടാ വാർത്തകൾ

ഇസ്രായേലി ട്രാവൽ രേഖയായ ‘തേദത് മാവർ’ അംഗീകരിക്കും : മാൾട്ട വിദേശകാര്യ മന്ത്രാലയം

ഇസ്രായേലിന്റെ ‘ട്യൂഡാറ്റ് മാവാർ’ (Teudat Ma’avar) എന്ന യാത്രാരേഖ അംഗീകരിക്കാൻ മാൾട്ട തീരുമാനിച്ചു. വിദേശ യാത്രാരേഖകൾ അംഗീകരിക്കുന്നതിനുള്ള മന്ത്രാലയാന്തര നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് തീരുമാനം. “വിദേശ യാത്രാരേഖകൾ അംഗീകരിക്കുന്നതിനുള്ള നിലവിലുള്ള മന്ത്രാലയാന്തര നടപടിക്രമങ്ങൾ പൂർത്തിയായതിനെ തുടർന്ന്, ദേശീയ പാസ്‌പോർട്ടിന് പകരമുള്ള ഇസ്രായേൽ യാത്രാരേഖയായ ട്യൂഡാറ്റ് മാവാർ ഇനി അംഗീകരിക്കും,” മന്ത്രാലയ വക്താവ് പറഞ്ഞു.

നേരത്തെ വ്യാഴാഴ്ച, മാൾട്ട ഇസ്രായേലി യാത്രാ രേഖകൾ അംഗീകരിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ എക്സിലൂടെ (X) അറിയിച്ചിരുന്നു. “സൗന്ദര്യം തുളുമ്പുന്ന മാൾട്ട സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഇസ്രായേലികൾക്കും ഈ സുപ്രധാന തീരുമാനം സഹായകമാകും,” എന്ന് വ്യക്തമാക്കിയ അദ്ദേഹം മാൾട്ടയുടെ ഈ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതോടെ ഹ്രസ്വകാല ബിസിനസ്സ്, ടൂറിസം യാത്രകൾക്കായി ഈ രേഖ സ്വീകരിക്കുന്ന മറ്റ് ഷെൻഗൻ (Schengen) രാജ്യങ്ങളുടെ നിരയിലേക്ക് മാൾട്ടയും എത്തിച്ചേർന്നു. ഷെൻഗൻ മേഖലയിൽ ഈ രേഖ അംഗീകരിക്കാതിരുന്ന ഏക രാജ്യം മാൾട്ടയായിരുന്നു. എന്നാൽ ഈ തീരുമാനം ‘തേദത് മാവർ’ രേഖയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും മറ്റ് യാത്രാ രേഖകൾക്ക് ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്റ്റാൻഡേർഡ് പാസ്‌പോർട്ടിന് അർഹതയില്ലാത്ത ഇസ്രായേൽ പൗരന്മാർക്കും നിവാസികൾക്കും അവിടെത്തെ ആഭ്യന്തര മന്ത്രാലയം നൽകുന്ന താൽക്കാലിക യാത്രാ രേഖയാണ് ‘തേദത് മാവർ’. പുതിയ കുടിയേറ്റക്കാർ, ഇസ്രായേലിന് പുറത്ത് സ്ഥിരതാമസമാക്കിയ പൗരന്മാർ, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തവർ എന്നിവരാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്.

അതേസമയം, വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഇത് അനുയോജ്യമായ സമയമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ മാൾട്ടീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമങ്ങളിൽ ഗണ്യമായ വർധനവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 2026ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 700 പലസ്തീനികൾക്ക് വീടൊഴിയേണ്ടിവന്നതായി യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കിയിരുന്നു.

മേയിൽ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി ഉൾപ്പെടെ ഒൻപത് പാശ്ചാത്യ രാജ്യങ്ങൾ കുടിയേറ്റകേന്ദ്രങ്ങളുടെ തുടർച്ചയായ വ്യാപനം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് മുന്നറിയിപ്പ് നൽകി സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില കുടിയേറ്റക്കാരെയും സംഘടനകളെയും യൂറോപ്യൻ യൂണിയൻ പിന്നീട് ഉപരോധിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button