അന്തർദേശീയം

വൻ സൈബർ സുരക്ഷാ വീഴ്ച; പെന്റഗൺ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ വൻ സൈബർ സുരക്ഷാ വീഴ്ച. പെന്റഗൺ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് വിവരം. ജീവനക്കാരുടെ ഡാറ്റാബേസിന് നേരെ നടന്നത് വൻ സൈബർ ആക്രമണമെന്നാണ് എബിസി ന്യൂസിന്റെ റിപ്പോർട്ട്. നിലവിലുള്ള സൈനികർ, വിരമിച്ച സൈനികർ, പ്രതിരോധ ജീവനക്കാർ, അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 27.6 ലക്ഷത്തോളം പേരുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്.

പെന്റഗൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിങുകളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ. ലോകത്തുടനീളമുള്ള യുഎസ് സൈനിക താവളങ്ങളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളാണ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിലൂടെ ചോർന്നത്. അതിശക്തമായ സുരക്ഷാ കവചങ്ങളുണ്ടെന്ന് കരുതിയിരുന്ന ഡാറ്റാബേസാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വലിയ ആശങ്കയിലാണ് യുഎസ് ഉദ്യോഗസ്ഥരുള്ളത്.

സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ചോർന്ന ഡാറ്റ എവിടെ പോയെന്നോയുള്ള കാര്യത്തിൽ പെന്റഗണന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണവും സുരക്ഷാ പരിശോധനകളും നടക്കുകയാണ്. അമേരിക്കയെ സംബന്ധിച്ച് ലോകത്തുടനീളം 140 ഓളം സൈനിക താവളങ്ങളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും, പ്രതിരോധ ഉദ്യോ​ഗസ്ഥരെക്കുറിച്ചും, കുടുംബാം​ഗങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ എന്നിവ ഏത് അർഥത്തിലാണ് ദുരുപയോ​ഗം ചെയ്യപ്പെടുകയെന്ന വലിയ ആശങ്കയിലാണ് പ്രതിരോധ ഉദ്യോ​ഗസ്ഥരുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button