ഇയു ബന്ധം പുനഃപരിശോധിക്ക്കും; ബ്രെക്സിറ്റ് രാജ്യത്തിന് ദോഷം ചെയ്തു : പ്രധാനമന്ത്രി ആൻഡി ബർണാം

ലണ്ടൻ : യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഭാവിയിൽ യൂണിയനിലേക്ക് തിരികെ പ്രവേശിക്കുന്നതിനെക്കുറിച്ചും ബ്രിട്ടൻ ഗൗരവമായി പരിശോധിക്കണമെന്ന് പ്രധാനമന്ത്രി ആൻഡി ബർണാം. ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ സംസാരിച്ചതിന് പിന്നാലെ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രെക്സിറ്റ് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചു.
ബ്രിട്ടന്റെ നിലവിലെ യൂറോപ്യൻ ബന്ധങ്ങൾ പര്യാപ്തമല്ലെന്നും, ഈ വർഷാവസാനം നടക്കാനിരിക്കുന്ന യു.കെ-ഇ.യു ഉച്ചകോടിയിൽ നയപരമായ സാധ്യതകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടൻ വീണ്ടും ഇ.യുവിൽ ചേരുമോ എന്ന ചോദ്യത്തിന്, നിലവിലുള്ള അവസ്ഥയിൽ തുടരുന്നത് മുതൽ കസ്റ്റംസ് യൂണിയൻ, സിംഗ്ൾ മാർക്കറ്റ് അല്ലെങ്കിൽ പൂർണമായി യൂണിയനിലേക്ക് മടങ്ങുക തുടങ്ങിയ എല്ലാ സാധ്യതകളും പരിശോധിക്കാൻ താൻ തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2016 ജൂൺ 23നാണ് 52 ശതമാനത്തിനെതിരെ 48 ശതമാനം വോട്ടുകൾക്ക് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ അസ്ഥിരതയും നിറഞ്ഞ ആ കാലഘട്ടത്തിൽ, കുടിയേറ്റ നിയന്ത്രണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് ജനങ്ങൾ ബ്രെക്സിറ്റിന് വോട്ട് ചെയ്തത്. എന്നാൽ, യൂറോപ്യൻ യൂണിയന്റെ ഏകീകൃത വിപണിയിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നുമുള്ള ബ്രിട്ടന്റെ പിന്മാറ്റം രാജ്യത്തെ വ്യവസായ മേഖലക്കും കയറ്റുമതിക്കും വലിയ തിരിച്ചടിയാണ് നൽകിയത്. ബ്രിട്ടീഷ് കമ്പനികൾക്ക് കയറ്റുമതിക്കായി പുതിയ കസ്റ്റംസ് നടപടിക്രമങ്ങളും വലിയ തോതിലുള്ള നിയന്ത്രണങ്ങളും പാലിക്കേണ്ടി വന്നു. സാമ്പത്തിക സേവന മേഖലയും ഉയർന്ന നികുതി ഭാരവും പുതിയ തടസ്സങ്ങളും മൂലം പ്രതിസന്ധിയിലായി.
കുടിയേറ്റം നിയന്ത്രിക്കുക എന്നതായിരുന്നു ബ്രെക്സിറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെങ്കിലും, യഥാർത്ഥത്തിൽ സംഭവിച്ചത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറഞ്ഞെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വർധിക്കുകയാണുണ്ടായത്. ഇത് വിവിധ മേഖലകളിൽ തൊഴിലാളികളുടെ വലിയ ദൗർലഭ്യത്തിന് കാരണമായി. ബ്രെക്സിറ്റ് സമ്മാനിച്ച ഈ പ്രതിസന്ധികളെല്ലാം മറികടക്കാനാണ് ആൻഡി ബർണാം ഇപ്പോൾ യൂണിയനുമായുള്ള ബന്ധം പുനഃപരിശോധിക്കാൻ തയാറെടുക്കുന്നത്. വിഷയത്തിൽ പെട്ടെന്ന് വലിയൊരു മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെങ്കിലും, ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.



