അന്തർദേശീയം

ഇറാനും സഹായിക്കുന്നവര്‍ക്കുമെതിരെ ‘കടുത്ത സാമ്പത്തിക ഉപരോധം’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകള്‍, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഈ നീക്കം. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.

അതേസമയം ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിര്‍ദേശം. ഇറാന് സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ആവര്‍ത്തിച്ചു.

‘ഇന്ന്, ഒരു രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തുന്ന ഏറ്റവും കടുത്ത സാമ്പത്തിക നീക്കമാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. ഇതൊരു സാമ്പത്തിക യുദ്ധരീതിയും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒറ്റപ്പെടുത്തലുമായിരിക്കും ഇത്’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘ഏതെങ്കിലും ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ ഭരണകൂടം ഇറാന് സഹായം നല്‍കിയാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’, ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് ഇറാന്‍ സംഘര്‍ഷം നിലനിൽക്കെ നയതന്ത്രപരമായോ സൈനികപരമായോ യാതൊരു പിന്‍മാറ്റവും ഇരുപക്ഷത്ത് നിന്നും ഉണ്ടായിട്ടില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും അവതാളത്തിലാണ്.

ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇറാന്‍ അല്ലാതെ മറ്റൊരു രാജ്യത്തിന്റെ പേര് സമൂഹമാധ്യമ പോസ്റ്റിൽ എങ്ങും പരാമര്‍ശിച്ചിട്ടുമില്ല. യുഎസ് ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷവും തുര്‍ക്കി, ചൈന, ജര്‍മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായി തന്നെ തുടരുന്നുണ്ട്.

നേരത്തെ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഇറാന്‍ ആണവശക്തിയാകാതെ തടയുന്നതാണ് അമേരിക്കയുടെ പ്രഥമ പരിഗണനയെന്നും ചര്‍ച്ചയില്‍ യുഎസ് ഇക്കാര്യത്തിനാകും ഊന്നല്‍ നല്‍കുകയെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം ഇനിയും സമ്മതിച്ച് കൊടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍ ഇറാനിയന്‍ നയതന്ത്രജ്ഞന്‍ അബ്ബാസ് ഖമായര്‍ അല്‍ജസീറയോട് സംസാരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സൈനിക നേതൃത്വത്തില്‍ വന്ന മാറ്റങ്ങളും നിരന്തമായി നടക്കുന്ന ഔദ്യോഗിക ചര്‍ച്ചകളും അപ്രതീക്ഷിതമായ ചില നീക്കങ്ങളുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button