മാൾട്ടാ വാർത്തകൾ

15 കാരനെ ഏകാന്ത തടവിൽ പാർപ്പിച്ചു; ജയിൽ ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി അഭിഭാഷകൻ

കോടതി ഉത്തരവുകൾ ലംഘിച്ച് 15 വയസ്സുകാരനായ ആൺകുട്ടിയെ ദിവസത്തിൽ 22 മണിക്കൂറും ഏകാന്ത തടവിൽ പാർപ്പിക്കുന്നുവെന്ന് ജയിൽ ഡയറക്ടർ ക്രിസ്റ്റഫർ സീഗർസ്‌മക്കെതിരെ ആരോപണം. കാമ്പസ് എഫ്.എം റേഡിയോയിൽ ആൻഡ്രൂ അസോപാർഡിയുടെ പരിപാടിയിൽ സംസാരിക്കവെയാണ് അഭിഭാഷകൻ ആർതർ അസോപാർഡിയാണ് രൂക്ഷ വിമർശനമുനയിച്ച്ത്. അദ്ദേഹം പരിപാടിയിൽ ജയിൽ ഡയറക്ടറെ ‘കഴിവുകെട്ടവൻ’ എന്നും ‘ഭീരുവെന്നും’ അഭിഭാഷകൻ വിശേഷിപ്പിച്ചു.

കഴിഞ്ഞ ജൂൺ 15 മുതൽ പ്രിവന്റീവ് കസ്റ്റഡിയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത കുട്ടി, 21 ദിവസത്തോളം ദിവസത്തിൽ 22 മണിക്കൂറും മറ്റുള്ളവരുമായി യാതൊരു ഇടപഴകലും ഇല്ലാതെ ഒറ്റയ്ക്ക് കഴിയാൻ നിർബന്ധിതനായെന്ന് അഭിഭാഷകൻ ആരോപിച്ചു. കുട്ടിയെ സുരക്ഷിതനായി നിർത്താനും മറ്റുള്ളവരുടെ സ്വാധീനത്തിൽ നിന്ന് രക്ഷിക്കാനുമാണ് ‘സെഗ്രിഗേഷൻ’ (വേർതിരിച്ചു താമസിപ്പിക്കൽ) നടപ്പിലാക്കിയതെന്ന ജയിൽ ഡയറക്ടറുടെ വാദം അസോപാർഡി തള്ളി. നിയമവിരുദ്ധമായ ഇത്തരം നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റിൽ കോടതിയുടെ ഉത്തരവുണ്ടായിട്ടും, ജയിൽ കഴിയുന്ന കുട്ടിയെ വിലയിരുത്തുന്നതിനായി കോടതി നിയോഗിച്ച മാനസികാരോഗ്യ വിദഗ്ദ്ധനെയും പ്രൊബേഷൻ ഓഫീസറെയും ജയിൽ ഡയറക്ടർ തടസ്സപ്പെടുത്തിയെന്നും അഭിഭാഷകൻ ആരോപിച്ചു. ഡയറക്ടർക്ക് താൽപ്പര്യമുള്ള ഒരു സുഹൃത്തിനെ ഈ കേസിലേക്ക് നിയമിക്കാൻ ശ്രമിച്ചതുകൊണ്ടാണ് മാനസികാരോഗ്യ വിദഗ്ദ്ധന്റെ പരിശോധന വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഉത്തരവുകൾ ലംഘിക്കാൻ മാൾട്ടയിൽ ആർക്കും അവകാശമില്ലെന്നും, അത് ഒരു പബ്ലിക് ഓഫീസറോ ജയിൽ ഡയറക്ടറോ ആയാലും ബാധകമാണെന്നും അസോപാർഡി ഓർമ്മിപ്പിച്ചു.

തന്റെ 17 വർഷത്തെ സർവീസിൽ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇത്രയും മോശമായ അനുഭവം ഉണ്ടായിട്ടുള്ളതായി കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച പ്രൊബേഷൻ ഓഫീസർ മൊഴി നൽകിയതായി അസോപാർഡി വ്യക്തമാക്കി. കുട്ടിയെ കിടക്കയോ ഫർണിച്ചറോ ഇല്ലാത്ത മുറിയിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത് കുട്ടിയുടെ വസ്ത്രങ്ങൾ പോലും തറയിലിടാൻ നിർബന്ധിതനാക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.

കോടതിയിൽ വാദം നടക്കുന്നതിന് തൊട്ടുമുമ്പ് ജയിൽ ഡയറക്ടർ മജിസ്ട്രേട്ടുമായി വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും അസോപാർഡി ആരോപിച്ചു. കോടതി നടപടികൾക്കിടയിൽ ഡയറക്ടറോട് കയർത്തു സംസാരിക്കുകയും, താൻ അദ്ദേഹത്തെ ‘പേടിത്തൊണ്ടൻ’ എന്ന് വിളിക്കുകയും ചെയ്തുവെന്നും അദ്ദേഹം സമ്മതിച്ചു. കോടതി നടപടികൾക്കിടയിൽ ഇറ്റാലിയൻ അംബാസഡറും സന്നിഹിതനായിരുന്നതിനാൽ ഇത് വലിയൊരു നയതന്ത്ര പ്രശ്നം കൂടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കോരഡിനോ കറക്ഷണൽ ഫെസിലിറ്റിയുടെ നടത്തിപ്പിൽ ജയിൽ ഡയറക്ടർ പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കിയ അസോപാർഡി, ഡയറക്ടർ തന്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് പോലും അറിയുന്നില്ലെന്നും ഉടനടി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button