സ്വിഖിയിൽ വാഹനങ്ങൾ തകർത്ത സംഭവം : ഇറ്റാലിയൻ കൗമാരക്കാർ അറസ്റ്റിൽ; നാടുകടത്തൽ നടപടികൾക്കായി ഇമിഗ്രേഷൻ അധികൃതർക്ക് കൈമാറി

സ്വിഖിയിൽ (Swieqi) മദ്യപിച്ച് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ തകർത്ത് രാജ്യം വിടാൻ ശ്രമിച്ച രണ്ട് ഇറ്റാലിയൻ കൗമാരക്കാരെ മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള ഫ്രാൻസെസ്കോ പാവോലി, പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതലുകൾ നശിപ്പിക്കൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുജനസമാധാനം തകർക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആഗസ്റ്റ് 20-ന് പുലർച്ചെ അഞ്ച് മണിയോടെ സ്വിഖിയിലെ ട്രിക് ഇൽ-ഖുവിൽ (Triq il-Qugħ) റോഡിൽ നിർത്തിയിട്ടിരുന്ന ഫിയറ്റ്, മെർസിഡീസ് ബെൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സൈഡ് മിററുകൾ കൗമാരക്കാർ തകർക്കുകയായിരുന്നു. സമീപത്തുള്ള ബൈക്കിൽ നിന്ന് ഹെൽമറ്റ് മോഷ്ടിക്കുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ടി-ഷർട്ട് തലയിലൂടെ വലിച്ചിടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ താമസസ്ഥലത്തുനിന്ന് തിരിച്ചറിഞ്ഞ പോലീസ്, ഇവർ അന്നേ ദിവസം രാത്രി വിമാനത്തിൽ നാടുവിടാൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. തുടർന്ന് രാത്രി 8:30-ഓടെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളും കുറ്റം സമ്മതിക്കുകയും വാഹന ഉടമകളോടും സ്വിഖിയിലെ ജനങ്ങളോടും ഔദ്യോഗികമായി മാപ്പ് പറയുകയും ചെയ്തു. മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തതിനാലും കുറ്റം സമ്മതിച്ചതിനാലും ജയിൽ ശിക്ഷ ഒഴിവാക്കിയ മജിസ്ട്രേറ്റ് ജിയാനെല്ല കമില്ലേരി ബുസുട്ടിൽ, 17-കാരന് രണ്ടു വർഷത്തെ സസ്പെൻഡഡ് തടവോടെ 8 മാസത്തെ തടവുശിക്ഷയും ഫ്രാൻസെസ്കോ പാവോലിക്ക് രണ്ടു വർഷത്തെ സസ്പെൻഡഡ് തടവോടെ 10 മാസത്തെ തടവുശിക്ഷയും വിധിച്ചു.
കോടതി വിധിക്ക് പിന്നാലെ ഇരുവരേയും ഇറ്റലിയിലേക്ക് നാടുകടത്തുന്നതിനായി ഇമിഗ്രേഷൻ അധികൃതർക്ക് കൈമാറി.



