അന്തർദേശീയം

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം; 5 ആശുപത്രികൾ അടപ്പിച്ചു, ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മോസ്കോ : റഷ്യയിലെ വിദൂര സൈബീരിയൻ പ്രവിശ്യയായ ഇർകുട്സ്കിൽ 28 വയസ്സുള്ള ലബോറട്ടറി ടെക്നീഷ്യൻ അതിമാരകമായ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രോഗവ്യാപന ഭീതിയെത്തുടർന്ന് മേഖലയിലെ അഞ്ച് പ്രധാന ആശുപത്രികൾ അധികൃതർ അടപ്പിച്ചു. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുനൂറിലധികം പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ഷെലെഖോവിലുള്ള ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ കൈയിൽനിന്ന് നിലത്തുവീണ് പൊട്ടിയതിനെത്തുടർന്നാണ് ഇവർക്ക് അണുബാധയേറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്വാസകോശത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതും വായുവിലൂടെ പകരുന്നതുമായ ന്യുമോണിക് പ്ലേഗ്’ ആണ് ഇവർക്ക് ബാധിച്ചതെന്ന് സംശയിക്കുന്നു.

സെപ്റ്റംബർ 29-ന് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഷെലെഖോവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദര്യയുടെ ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഒക്ടോബർ ഒന്നിന് ഇവർ മരണത്തിന് കീഴടങ്ങി. തുടർന്ന് ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറിലധികം പേരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. ഇർകുട്സ്ക് മേഖലയിൽ നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.

അതീവ അപകടകരമായ പകർച്ചവ്യാധിയുടെ സാന്നിധ്യം സംശയിക്കുന്നതായി ഇർകുട്സ്ക് ഗവർണർ ഇഗോർ കോബ്സെവ് ആദ്യം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പ്രതികരണത്തിൽ മാറ്റം വരുത്തി. രോഗിയുടെ സ്രവ പരിശോധനകളിൽ ലബോറട്ടറിയുമായി ബന്ധപ്പെട്ട അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അജ്ഞാത കാരണങ്ങളാലുള്ള മാരകമായ ന്യുമോണിയയാണ് മരണകാരണമെന്നും അദ്ദേഹം പിന്നീട് ടെലിഗ്രാമിലൂടെ അവകാശപ്പെട്ടു. 1934-ൽ സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഗവർണർ അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി റഷ്യൻ ഉപഭോക്തൃ സുരക്ഷാ ഏജൻസിയായ റോസ്പോട്രെബ്നാഡ്സോർ മേഖലയിൽ സമ്പൂർണ്ണ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. അയൽപ്രവിശ്യയായ ബുറിയാതിയയിലെ ഗവർണർ അലക്സി സിഡെനോവും സ്ത്രീ പ്ലേഗ് ബാധിച്ചാണ് മരിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.

മൃഗങ്ങളിൽ നിന്ന് ഈച്ചകൾ വഴിയും വായുവിലൂടെ മനുഷ്യരിലേക്ക് നേരിട്ടും അതിവേഗം പകരുന്ന ബാക്ടീരിയൽ രോഗമാണ് പ്ലേഗ്. ഇതിൽ ഏറ്റവും മാരകമായ രൂപമാണ് ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിക് പ്ലേഗ്. അണുബാധയേറ്റ് 24 മണിക്കൂറിനകം ലക്ഷണങ്ങൾ പ്രകടമാകുന്ന ഈ രോഗം, രക്തം കലർന്ന ചുമയും ശ്വാസതടസ്സവുമുണ്ടാക്കി രോഗിയെ അതീവ ഗുരുതരാവസ്ഥയിലെത്തിക്കും. യഥാസമയം വിദഗ്ദ്ധ ചികിത്സയും ആന്റിബയോട്ടിക്കുകളും നൽകിയില്ലെങ്കിൽ മണിക്കൂറുകൾക്കകം മരണം സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

എന്നാൽ, കൊവിഡ് മഹാമാരിക്ക് തുടക്കമിട്ട ചൈനയിലെ വുഹാനിലെ ആദ്യഘട്ട രഹസ്യനീക്കങ്ങൾക്ക് സമാനമാണ് നിലവിൽ ഷെലെഖോവിലും ഇർകുട്സ്കിലും നടക്കുന്ന സംഭവങ്ങളെന്ന് റഷ്യൻ രാഷ്ട്രീയ നിരീക്ഷണ ചാനലായ നെസിഗർ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് റഷ്യൻ പബ്ലിക് ഹെൽത്ത് വാച്ച്ഡോഗ് മേധാവി അന്ന പൊപോവ മോസ്കോയിൽ നിന്ന് 2,600 മൈലുകൾ താണ്ടി ഇർകുട്സ്കിലെത്തിയാണ് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രോഗം സ്ഥിരീകരിക്കാൻ തയ്യാറാകാത്ത ഭരണകൂടം ടെസ്റ്റ് ട്യൂബ് കഥയുണ്ടാക്കി യഥാർത്ഥ സംഭവം മൂടിവെക്കുകയാണെന്ന് പകർച്ചവ്യാധി വിദഗ്ദ്ധൻ ഫാവോറോവ് ആരോപിച്ചു. ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നവർ പൂർണ്ണ സുരക്ഷാ കവചങ്ങളോടെയാണ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഒരു ടെസ്റ്റ് ട്യൂബ് പൊട്ടിയാൽപ്പോലും അണുബാധയുണ്ടാകാനുള്ള സാധ്യത അത്യപൂർവ്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button