അന്തർദേശീയം

ജെറൂസലേമില്‍ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച ഇസ്രായേല്‍ പൗരന്‍ പിടിയില്‍

ജെറൂസലേം : ഇസ്രായേലിന്റെ അധീനതയിലുള്ള കിഴക്കന്‍ ജെറൂസലേമില്‍ കന്യാസ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഇസ്രായേല്‍ പൗരന്‍ പിടിയില്‍. ജൂത വിഭാഗക്കാരനായ 36കാരനാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സ്വദേശിയായ കന്യാസ്ത്രീക്ക് നേരെ ജെറൂസലേമില്‍ ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തെരുവിലൂടെ നടന്നുപോകുകയായിരുന്ന കന്യാസ്ത്രീയെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നില്‍ നിന്ന് ഓടിയടുത്ത പ്രതി കന്യാസ്ത്രീയെ തള്ളിവീഴ്ത്തുകയായിരുന്നു. തലയിടിച്ച് നിലത്തുവീണ കന്യാസ്ത്രീയെ പ്രതി വീണ്ടും ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ആക്രമണം നടത്തിയ ജൂത വിഭാഗക്കാരനെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വംശീയ ആക്രമണമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഇത്തരത്തിലുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടില്ലെന്നാണ് വിവരം.

ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ജെറൂസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ സഭ ശക്തമായി അപലപിച്ചു. ജറുസലേം നഗരത്തില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കന്യാസ്ത്രീക്കെതിരായ ആക്രമണം നടന്നതെന്ന് ആര്‍ച്ച് ബിഷപ്പ് അതല്ലാ ഹന്ന ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് ക്രിസ്ത്യാനികളുടെ സാന്നിധ്യത്തെ ഭീഷണിപ്പെടുത്തുന്ന ആവര്‍ത്തിച്ചുള്ള രീതിയുടെ ഭാഗമാണ്. അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ശബ്ദമുയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button