അന്തർദേശീയം

മുജ്തബ ഖാംനഈനി പൂർണ ആരോഗ്യവാൻ; പ്രബന്ധ ചർച്ചയിൽ പങ്കെടുക്കുന്ന വിഡിയോ പുറത്തുവിട്ട് ഇറാനിയൻ മാധ്യമങ്ങൾ

തെഹ്റാൻ : പരമോന്നത നേതാവ് മുജ്തബ അലി ഖാംനഈയുടെ ആരോഗ്യാവസ്ഥയെ കുറിച്ചും മരണത്തെക്കുറിച്ചുമുള്ള നിരന്തരമായ കിംവദന്തികൾക്കിടെ നിർണായക വെളിപ്പെടുത്തലുമായി ഇറാൻ. തെഹ്റാനിൽ സംഘടിപ്പിച്ച റിലീജ്യസ് അക്കാഡമിക് സെഷനിലെ വിദ്യാർഥിയുടെ പ്രബന്ധത്തെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന മുജ്തബ ഖാംനഈയുടെ വിഡിയോ ഇറാനിയൻ മാധ്യമങ്ങൾ പങ്കുവെച്ചു. ചിത്രീകരിച്ച തീയതി വ്യക്തമല്ലാത്ത വീഡിയോയിൽ ഖാംനഈ ചർച്ചയിൽ ഇടപെടുന്നതും സംസാരിക്കുന്നതും കാണാം. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ അദ്ദേഹം പൊതുപരിപാടികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

‘ഇസ്‌ലാമിക്‌ സെക്യൂരിറ്റി മോഡൽ’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ പ്രബന്ധത്തെ കുറിച്ചുള്ള വിശകലന ചർച്ചയാണ് നടക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. പ്രബന്ധം ഗംഭീരമായിട്ടുണ്ടെന്നും 20 ൽ 19.5 മാർക്ക് കൊടുക്കുന്നതായും ചർച്ചയിൽ പറയുന്നുണ്ട്. അതേസമയം, വിഡിയോ ചിത്രീകരിച്ച തീയതിയെ കുറിച്ചോ സമയത്തെ കുറിച്ചോ യാതൊരുവിധ സൂചനയും നൽകാതെയാണ് ഇറാനിയൻ മാധ്യമങ്ങൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി 28ന് യുഎസുമായി ചേർന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയും മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെങ്കിലും പൊതുപരിപാടികളിൽ മുജ്തബ പ്രതൃക്ഷപ്പെട്ടിരുന്നില്ല. ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായ പരിക്കുകളേറ്റതായാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.

മുജ്തബ ഖാംനഈയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് നേരത്തെയും പല വിധത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ ഖാംനഈക്കേറ്റ പരിക്കിൽ കാൽ മുറിച്ചുകളയേണ്ടിവന്നെന്നും വിദഗ്ധ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നുമെല്ലാം വിവിധ ഇസ്രായേലീ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തിന് ഇറാനിൽ സുരക്ഷിതമായ ചികിത്സ ലഭ്യമാക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പ്രസിഡന്‍റ് പുടിന്‍റെ നിർദേശപ്രകാരം റഷ്യയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് റഷ്യയിലെ ഇറാനിയൻ അംബാസിഡർ കാസിം ജലാലി തന്നെയും വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തിൽ, പരമോന്നത നേതാവിന്‍റെ ആരോഗ്യത്തെയും ചികിത്സയെ ചൊല്ലിയും വിവിധ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ഇറാനിയൻ മാധ്യമങ്ങളുടെ നിർണായക വെളിപ്പെടുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button