യെമന്‍ അല്‍ മുഖ തുറമുഖത്ത് കപ്പലിന് നേരെ ഹൂത്തി ആക്രമണം

സനാ : യെമന്‍ തുറമുഖത്ത് കപ്പലിന് നേരെ ഹൂത്തി ആക്രമണം. അല്‍ മുഖ തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്. കപ്പലിലേക്ക് തുടര്‍ ആക്രമണങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സൗദി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. ആക്രമണത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൗദി സഖ്യസേന അറിയിച്ചിരിക്കുന്നത്. ഹൂത്തികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യെമന്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി സേനയുടെ സജീവ പിന്തുണയോടെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വലിയൊരു സൈനിക നീക്കം ആരംഭിക്കുന്നതായി യെമന്‍ സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. സമീപ ആഴ്ചകളില്‍ യെമനിലെ സര്‍ക്കാര്‍ സേനയ്ക്കെതിരെ ഹൂതികള്‍ കാര്യമായ സൈനിക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. യെമന്റെ ചെങ്കടല്‍ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും ഹൂതികൾ പിടിച്ചെടുക്കുകയും നിര്‍ണായകമായ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മുന്നേറുകയും ചെയ്തു.
സൗദി അറേബ്യയ്ക്കെതിരെയും അവര്‍ ഫലപ്രദമായ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അരാംകോയുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍, അതിര്‍ത്തിയില്‍ നിന്ന് 500 മൈല്‍ അകലെയുള്ള റിയാദിലെ ഒരു റിഫൈനറിയില്‍ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം എത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ദുര്‍ബലമാകാന്‍ സാധ്യത വര്‍ധിച്ചുവരുന്ന യെമന്‍ സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ തായിസിന് സമീപം സൗദി സേന വ്യോമാക്രമണം നടത്തി. തായിസിനെയും യെമന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ ഏദനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത ഹൂതികള്‍ വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
യെമനിലെ സര്‍ക്കാര്‍ സേനയ്ക്കായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലും സഹായിക്കാനായി സൗദി ഉപദേഷ്ടാക്കള്‍ അവിടെയുണ്ടെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ ഈ നീക്കത്തിന് പിന്തുണയേകാനായി യുഎസ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ വലിയൊരു സംഘം ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിലും തിരഞ്ഞെടുക്കുന്നതിലും സഹായം നല്‍കുന്നുണ്ടെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതേസമയം, സൗദി സേനയ്ക്ക് നേരിട്ടുള്ള യുദ്ധസഹായം നല്കാന് ട്രംപ് ഭരണകൂടം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.



