യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 41 പേർക്ക് പരിക്ക്

ഒക്‌സിറ്റാനിയ : തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരിക്കേറ്റു. മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 300-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മേൽക്കൂരകൾ പറന്നുപോകുകയും ചെയ്തു.

ചുഴലിക്കാറ്റിൽ, വീട് തകർന്നുവീണ് പരിക്കേറ്റ ഗർഭിണി ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് 120-ലധികം അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ വൻമരങ്ങൾ കടപുഴകുകയും വാഹനങ്ങൾ തകരുകയും കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

മോശം കാലാവസ്ഥ കാരണം ബോർഡോ, മാർസെയിൽ, നീസ്, ടൂളൂസ്, പാരീസ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകിയതായും കുറച്ച്താ സർവീസുകൾ റദ്ദാക്കിയതായും ഗതാഗത മന്ത്രി ഫിലിപ്പ് തബാരോട്ട് അറിയിച്ചു. ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അതിനാൽ പ്രദേശങ്ങളിൽ അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റും ശക്തമായ മഴയും കാരണം 10 ഗ്രാമങ്ങളിലായി 2,800-ഓളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പൈറനീസ് മലനിരകളിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയെ തുടർന്ന് ‘വൂൾട്ട എ എസ്പാന’ സൈക്ലിംഗ് റേസിന്റെ മൂന്നാം ഘട്ടം റദ്ദാക്കി. അടിയന്തര സഹായത്തിനായുള്ള ഫോൺ ലൈനുകൾ തടസ്സപ്പെടുത്താതിരിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും അധികൃതർ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാതിരിക്കാൻ പൊതുജനങ്ങൾ ദുരന്തമേഖലകളിൽ നിന്ന് വിട്ടുനിൽക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button