മാൾട്ടാ വാർത്തകൾ

സിസിലി തുറമുഖത്ത് 377 അപൂർവ്വയിനം ജീവികളെ കടത്താൻ ശ്രമിച്ച മാൾട്ടീസ് പൗരൻ അറസ്റ്റിൽ

മൃഗസംരക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചും അനധികൃത വന്യജീവി കടത്ത് നടത്തിയെന്നും കണ്ടെത്തിയതിനെ തുടർന്ന് സിസിലിയിലെ തുറമുഖത്ത് വെച്ച് മാൾട്ടയിലേക്ക് കടത്താൻ ശ്രമിച്ച 377 അപൂർവ്വയിനം ജീവികളെ ഇറ്റാലിയൻ അധികൃതർ പിടിച്ചെടുത്തു.

പിടിച്ചെടുത്തവയിൽ 76 ജീവികൾ വന്യജീവികളുടെയും സസ്യങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള വാഷിംഗ്ടൺ കൺവെൻഷൻ (CITES) പ്രകാരം സംരക്ഷിക്കപ്പെട്ടവയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംരക്ഷിത ജീവിവർഗ്ഗങ്ങളുടെ അനധികൃത വ്യാപാരം വർദ്ധിച്ചുവരികയാണെന്നും ഇത് പരിസ്ഥിതിക്കും നിയമപരമായ വിപണിക്കും വലിയ ഭീഷണിയാണെന്നും ഇറ്റാലിയൻ ഫിനാൻഷ്യൽ പോലീസ് അറിയിച്ചു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയാണിതെന്നും അവർ വ്യക്തമാക്കി.

മാൾട്ടയിലേക്ക് സർവീസ് നടത്തുന്ന കറ്റാമറാൻ ബോട്ടിന്റെ ബോർഡിംഗ് പോയിന്റിന് സമീപം നടത്തിയ പരിശോധനയിലാണ് സിസിലിയിലെ പ്രാദേശിക ഫിനാൻഷ്യൽ പോലീസും കസ്റ്റംസ് ആൻഡ് മോണോപോളീസ് ഏജൻസിയും നടത്തിയ പരിശോധനയിലാണ് മാൾട്ടീസ് പൗരനെ പിടികൂടിയത്. വാഹനത്തിനുള്ളിൽ പര്യാപ്തമായ സ്ഥലസൗകര്യമോ താപനില നിയന്ത്രണമോ ഇല്ലാതെയാണ് 300 ആമകളെയും 77 തത്തകളെയും കടത്താൻ ശ്രമിച്ചത്. മൃഗങ്ങളുടെ ആരോഗ്യം തൃപ്തികരമല്ലെന്നും വാഹനം ഗതാഗതത്തിന് അനുയോജ്യമല്ലെന്നും റാഗുസ ഹെൽത്ത് അതോറിറ്റിയിലെ വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കറ്റാനിയ-ഫോണ്ടനറോസ്സയിലെ ഫിനാൻഷ്യൽ പോലീസ് CITES വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് 76 ജീവികൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ടതാണെന്ന് വ്യക്തമായത്. സ്കാർലെറ്റ് മക്കാവ് (Ara macao), റെഡ് ആൻഡ് ഗ്രീൻ മക്കാവ് (Ara chloropterus), ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് (Ara ararauna), ഗാല അല്ലെങ്കിൽ റോസ്-ബ്രെസ്റ്റഡ് കൊക്കാറ്റു (Cacatua roseicapilla), വൈറ്റ് കൊക്കാറ്റു (Cacatua alba) എന്നീ അപൂർവ്വയിനം കിളികളെയാണ് തിരിച്ചറിഞ്ഞത്.

മൃഗങ്ങളോട് ക്രൂരത കാണിക്കൽ, അവയ്ക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റാഗുസ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ പ്രതിക്കെതിരെ കേസെടുത്തു. കൂടാതെ അന്താരാഷ്ട്ര വന്യജീവി വ്യാപാര കരാർ നടപ്പിലാക്കുന്നതിനുള്ള ഇറ്റാലിയൻ നിയമമായ ‘ലോ 150/1992’ പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മുഴുവൻ ജീവികളെയും അധികൃതർ സുരക്ഷിത താവളത്തിലേക്ക് മാറ്റി.

നിയമപരമായ അന്തിമ വിധി വരുന്നത് വരെ പ്രതി കുറ്റാരോപിതനായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ എന്ന് ഫിനാൻഷ്യൽ പോലീസ് വ്യക്തമാക്കി. അനധികൃത കടത്തുകൾ തടയുന്നതിനായി ഫിനാൻഷ്യൽ പോലീസും കസ്റ്റംസ് ഏജൻസിയും തമ്മിലുള്ള സംയുക്ത കരാറിന്റെ ഭാഗമായാണ് ഈ പരിശോധന നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button