അന്തർദേശീയം

ഹോര്‍മുസില്‍ താത്കാലിക ഇടനാഴി ഉടനെന്ന് ഇറാന്‍-ഒമാന്‍ സംയുക്ത പ്രസ്താവന

തെഹ്‌റാന്‍ : ഇറാന്‍- ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചർച്ച അവസാനിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടായിരുന്നു ചർച്ച നടന്നത്. ശുഭസൂചനകളാണ് ഇരുരാജ്യങ്ങളും നൽകുന്നത്. താത്കാലിക ഇടനാഴി ഉടനെന്നാണ് ഒമാന്‍ അറിയിച്ചിരിക്കുന്നത്. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തും. ശാശ്വത പരിഹാരം ഉടനുണ്ടാകുമെന്നും ഒമാന്‍ അറിയിച്ചു.

ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാരാണ് ചൊവ്വാഴ്ച്ച ചര്‍ച്ച നടത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെ താല്‍ക്കാലിക ഇടനാഴി സൃഷ്ടിക്കുന്നതും കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതും അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് സംഘര്‍ഷ കേന്ദ്രമായി മാറിയതിനെ തുടര്‍ന്ന്, യുഎസ്-ഇറാന്‍ ധാരണാപത്രം അനുസരിച്ച് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം ക്രമീകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ്. ഒമാന്റെ വിദേശകാര്യ മന്ത്രി ബദര്‍ അല്‍-ബുസൈദിയും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും തെഹ്‌റാനില്‍ നടത്തിയ ചര്‍ച്ചയില്‍ ‘പ്രായോഗികവും നടപ്പാക്കാവുന്നതുമായ ഘട്ടംഘട്ടമായ ഒരു രൂപരേഖ’ സൃഷ്ടിച്ചുവെന്നാണ് ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയം നടത്തിയതായി ഒമാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കപ്പല്‍ ഗതാഗത ഇടനാഴി, കടലിടുക്കിന്റെ ഭാവി ഭരണ സംവിധാനം, വിവരങ്ങള്‍ പങ്കിടല്‍, ഗതാഗത നിയന്ത്രണം, സുരക്ഷാ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നും ഒമാന്‍ വ്യക്തമാക്കി. ഗള്‍ഫ് പ്രദേശത്തെ മറ്റു തീരദേശ രാജ്യങ്ങളുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു.

ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്‌ഫോമില്‍ ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽചാലുകളിൽ ഉണ്ടായിരുന്ന എല്ലാ മൈനുകളും യുഎസ് നാവികസേന നീക്കം ചെയ്തതായി അവകാശപ്പെട്ടു. പുതിയ മൈനുകള്‍ സ്ഥാപിക്കുന്ന ഏതെങ്കിലും കപ്പലുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ നശിപ്പിക്കപ്പെടുമെന്നും മൈന്‍ സ്ഥാപിക്കുന്നതിനെതിരെ ‘സീറോ ടോളറന്‍സ്’ നയം കര്‍ശനമായി നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു.

മാസങ്ങളായി പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുകയാണ്. യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കുകയും തിരിച്ചടിയുണ്ടാവുകയും ചെയ്തതോടെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുകയും യുഎസ് ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ലോകത്തിലെ എണ്ണയുടെയും ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കയറ്റുമതിയുടെയും ഏകദേശം അഞ്ചില്‍ ഒരു ഭാഗം കടന്നുപോകുന്ന ഈ പ്രധാന കടലിടുക്കിലെ ഗതാഗതം ഇപ്പോഴും പൂർണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതോടെ ആഗോള എണ്ണ വിപണിയും അനിശ്ചിതാവസ്ഥ നേരിടുകയാണ്.

കടലിടുക്കിന്റെ തീരദേശ രാജ്യങ്ങളായ ഇറാനും ഒമാനും കപ്പല്‍ ഗതാഗത്തിന്റെ ഭാവിയെക്കുറിച്ച് ആഴ്ചകളായി ചര്‍ച്ച തുടരുകയാണ്. യുഎസ് ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കടലിടുക്ക് പൂര്‍ണമായി തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നാവിക ഉപരോധം നീക്കുക, എണ്ണ ഉപരോധങ്ങള്‍ പിന്‍വലിക്കുക, വിദേശ രാജ്യങ്ങളിലെ ഇറാന്റെ ആസ്തികള്‍ മരവിപ്പിച്ചിരിക്കുന്നത് മാറ്റുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button