അന്തർദേശീയം

ലക്ഷ്യം രോഗവ്യാപനം തടയല്‍; കൊതുകിനെ കൊതുകുകൊണ്ട് നേരിടാന്‍ ഗൂഗിള്‍

കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള പദ്ധതിയുമായി ഗൂഗിള്‍. പ്രത്യേകം വളര്‍ത്തിയ, ബാക്ടീരിയ ബാധയുള്ള കൊതുകുകളെയാണ് നഗരങ്ങളില്‍ തുറന്നുവിടുക.

ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ആരോഗ്യ സാങ്കേതിക വിഭാഗമായ വിർളി (Verily) അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ലബോറട്ടറിയില്‍ വളര്‍ത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട കൊതുകുകളെയാണ് തുറന്നുവിടുക. ഇവയെ സ്വാഭാവികമായി കാണപ്പെടാത്ത വോള്‍ബാഷിയ ( Wolbachina) എന്ന ബാക്ടീരിയ ബാധിച്ചിരിക്കും. ഈ കൊതുകുകള്‍ പെണ്‍ കൊതുകുകളുമായി ഇണചേരുമ്പോള്‍ അവയ്ക്ക് പ്രജനന ശേഷി നഷ്ടമാവുകയും മുട്ടയിടാനാവാതെ വരികയും ചെയ്യും. ഇതുവഴി അടുത്ത തലമുറയിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഗവേഷകര്‍ പറയുന്നു.

ആണ്‍ കൊതുകുകള്‍ മനുഷ്യരെ കടിക്കുകയോ രോഗം പടര്‍ത്തുകയോ ചെയ്യില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യര്‍ക്ക് നേരിട്ടുള്ള ആരോഗ്യ ഭീഷണിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിക് ഇന്‍കിന്റെ (Alphabet Inc) ലൈഫ് സയന്‍സ് വിഭാഗമായ വെറിളിയാണ് പദ്ധതി നടപ്പാക്കുന്നത്. മുമ്പ് കാലിഫോര്‍ണിയയിലെ ചില മേഖലകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കൊതുകുകളുടെ എണ്ണം 80 ശതമാനത്തിലധികം കുറയ്ക്കാന്‍ സാധിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.

പരമ്പരാഗത കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതത്തോടെ രോഗവാഹക കൊതുകുകളെ നിയന്ത്രിക്കാനുമുള്ള ശ്രമമായാണ് ഈ പദ്ധതിയെ ശാസ്ത്രലോകം കാണുന്നത്. എന്നാല്‍ വലിയ തോതില്‍ ജീവികളെ പ്രകൃതിയിലേക്ക് വിടുന്നതിന്റെ ദീര്‍ഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊതുക് നിയന്ത്രണത്തിനായി ജൈവസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ പദ്ധതികളിലൊന്നായാണ് ശാസ്ത്രലോകം ഈ നീക്കത്തെ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button