ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘനം; അൽബേനിയയിൽ നിന്ന് സിസിലി വഴി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ എഫ്എസ്എസ്എ പിടിച്ചെടുത്തു

ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി. അനധികൃതമായി കടത്തിയ വൻതോതിലുള്ള ഭക്ഷ്യവസ്തുക്കൾ ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി (FSSA) പിടിച്ചെടുതത്ത്. അൽബേനിയയിൽ നിന്ന് സിസിലി വഴിയാണ് ഈ ഭക്ഷ്യവസ്തുക്കൾ മാൾട്ടയിലെത്തിച്ചത്. നിയമപരമായ മുൻകൂർ അറിയിപ്പുകളോ രേഖകളോ ഇല്ലാതെയാണ് ഇവ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം സിസിലിയിൽ നിന്ന് ഫെറി മാർഗ്ഗം എത്തിയ വാനിനെക്കുറിച്ച് ടാക്സ് ആൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് സംശയം പ്രകടിപ്പിക്കുകയും എഫ്.എസ്.എസ്.എ-യെ വിവരമറിയിക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാനിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിലയിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.
മാംസം, തൈര്, ലഘുഭക്ഷണങ്ങൾ, ചീസ്, ഒലിവ് ഓയിൽ, ശീതളപാനീയങ്ങൾ, ബീൻസ്, മുട്ട, മദ്യം, ഉപ്പ്, ജ്യൂസുകൾ തുടങ്ങിയവ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്നു. കൃത്യമായ താപനിലയിലല്ല ഈ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പലതിനും ലേബലുകൾ ഉണ്ടായിരുന്നില്ല. കൂടാതെ, ഭക്ഷ്യവസ്തുക്കളുടെ ഉത്ഭവം വ്യക്തമാക്കുന്ന നിർണ്ണായകമായ രേഖകളും (Traceability documentation) ഇവയ്ക്കൊപ്പം ഉണ്ടായിരുന്നില്ലന്നും എഫ്.എസ്.എസ്.എ പറഞ്ഞു.
നിയമങ്ങൾ അനുസരിച്ച്, ഇത്തരം ചരക്കുകൾ മാൾട്ടയിൽ എത്തുമ്പോൾ മുൻകൂട്ടി അധികൃതരെ അറിയിക്കേണ്ടതുണ്ട്. എന്നാൽ ഈ കേസിൽ യാതൊരു അറിയിപ്പും നൽകിയിരുന്നില്ലന്നും പൊതുജനാരോഗ്യം മുൻനിർത്തി പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ അടിയന്തരമായി സീൽ ചെയ്തതായും ഇവ നശിപ്പിക്കുമെന്നും എഫ്.എസ്.എസ്.എ അറിയിച്ചു.


