അന്തർദേശീയം

ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതി പൂർണ്ണമായും തള്ളി ഇസ്രായേൽ.

തെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതി പൂർണ്ണമായും തള്ളി ഇസ്രായേൽ. ഹമാസ് പൂർണ്ണമായും ആയുധം വെച്ചു കീഴടങ്ങുന്നതുവരെ ഗസ്സയില്‍ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി.

ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ഞായറാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് അമേരിക്കൻ പിന്തുണയോടെ ഹമാസ് അംഗീകരിച്ച 15 ഇന സമാധാന നിർദ്ദേശം ഇസ്രായേൽ നിരാകരിക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്.

“15 ഇന നിർദേശങ്ങളടങ്ങിയ രേഖ ഇസ്രായേൽ അംഗീകരിക്കില്ല. ഹമാസ് ആയുധമുപേക്ഷിച്ചിക്കുന്നതുവരെ വരെ ഇസ്രായേൽ സൈന്യം പിന്മാറില്ല. ഞങ്ങളുടെ സേനയ്ക്കും പൗരന്മാർക്കും നേരെ ഉണ്ടാകുന്ന ഭീഷണികളെ ഇല്ലാതാക്കുന്നത് തുടരും. ഈ വിഷയത്തിൽ ഞങ്ങൾ അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. അവരുടെ ചില ആശയങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമാണ്, എന്നാൽ ചിലത് അംഗീകരിക്കാനാവില്ല. ചില കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ ഇസ്രായേലിന് അറിയാം” – നെതന്യാഹു പറഞ്ഞു. തന്നെപ്പോലൊരു പ്രധാനമന്ത്രി ഭരണത്തിലുള്ളിടത്തോളം കാലം ഒരു ഫലസ്തീൻ രാഷ്ട്രവും രൂപീകരിക്കപ്പെടില്ലെന്നും നെതന്യാഹു വീണ്ടും വ്യക്തമാക്കി.

അതേസമയം സമാധാന പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് വ്യക്തമാക്കി. നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിനെ തടസ്സപ്പെടുത്തുന്ന ലംഘനങ്ങളോ വീഴ്ചകളോ ഉണ്ടാകാതിരിക്കാൻ മധ്യസ്ഥരാജ്യങ്ങള്‍ നോക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിൽ ഹമാസുമായി വെടിനിർത്തൽ ധാരണയിലെത്തിയിരുന്നെങ്കിലും ഗസ്സ യിലുടനീളം ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയായിരുന്നു. തുടർന്ന്, ജൂലൈ 30നാണ് ചരിത്രപരമായ സമാധാന കരാർ പ്രഖ്യാപിച്ചത്. യുഎസ് നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ വഴിയാണ് കരാർ കൊണ്ടുവന്നത്. ഇസ്രായേലും വിവിധ അറബ് രാജ്യങ്ങളും ഉൾപ്പെടെ 40-ഓളം രാജ്യങ്ങൾ ഇതിൽ പങ്കാളികളാണെങ്കിലും ഫലസ്തീൻ പ്രതിനിധികളാരും ഇതിൽ ഉൾപ്പെട്ടിരുന്നില്ല. അതേസമയം നെതന്യാഹുവിന്റെ പുതിയ നിലപാടിനോട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button