ടെക്നോളജിയൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇന്‍സ്റ്റയും ഫേസ്ബുക്കും ഇന്‍ഫിനിറ്റ് സ്‌ക്രോളും ഓട്ടോ പ്ലേ വീഡിയോകളും ഓഫ് ചെയ്യണം; മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ് : ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇത്തരം ഫീച്ചറുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റാ കമ്പനിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളിലാണ് മെറ്റായ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍. വിരലുകള്‍ കൊണ്ട് അനന്തമായി സ്‌ക്രോള്‍ ചെയ്യുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, തനിയെ പ്ലേ ആകുന്ന വീഡിയോകള്‍, വ്യക്തിഗത താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ശുപാര്‍ശകള്‍ എന്നിവ തലച്ചോറിനെ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റുകയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് ഉപഭോക്താക്കളില്‍ അനിയന്ത്രിതമായ സോഷ്യല്‍ മീഡിയ ഉപയോഗവും മോശം ശീലങ്ങളും ഉണ്ടാക്കാന്‍ കാരണമാകുന്നു.

ഉപയോക്താക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായിരിക്കണം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഇ.യു ടെക് ചീഫ് ഹെന്ന വിര്‍ക്കുനെന്‍ വ്യക്തമാക്കി. കുട്ടികള്‍ രാത്രി സമയങ്ങളില്‍ എത്രത്തോളം സമയം ആപ്പുകളില്‍ ചിലവഴിക്കുന്നുണ്ടെന്നതിനെക്കുറിച്ചോ, റീല്‍സ് തുടങ്ങിയ ഫീച്ചറുകള്‍ അവരെ എത്രത്തോളം അടിമപ്പെടുത്തുന്നുണ്ടെന്നതിനെക്കുറിച്ചോ കൃത്യമായ പഠനം നടത്താന്‍ മെറ്റാ പരാജയപ്പെട്ടതായി അവര്‍ പറഞ്ഞു.

നിലവില്‍ മെറ്റാ നല്‍കുന്ന ടൈം മാനേജ്മെന്റ് ടൂളുകള്‍ വളരെ എളുപ്പത്തില്‍ അവഗണിക്കാന്‍ സാധിക്കുന്നതാണെന്നും, നിയന്ത്രണ സംവിധാനങ്ങള്‍ സാങ്കേതിക വിദ്യയില്‍ അത്ര അറിവില്ലാത്ത സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഉപയോഗിക്കാന്‍ പ്രയാസമുള്ളതാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

യൂറോപ്യന്‍ കമ്മീഷന്റെ ഈ കണ്ടെത്തലുകളോട് വിയോജിക്കുന്നതായി മെറ്റാ വക്താവ് അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങള്‍ സ്വീകരിച്ച നിര്‍ണായക നടപടികളെ കമ്മീഷന്‍ കണക്കിലെടുത്തിട്ടില്ലെന്ന് മെറ്റാ ആരോപിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ രാത്രി കാലങ്ങളില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും സ്‌ക്രീന്‍ ടൈം ദിവസേന 15 മിനിറ്റായി പരിമിതപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അധികാരം നല്‍കുന്ന ടീന്‍ അക്കൗണ്ടുകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മെറ്റായ്ക്ക് അവസരമുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്‍ ബൈ ഡിഫോള്‍ട്ടായി ഓഫ് ചെയ്തു വെക്കണമെന്നാണ് ഇ.യു നല്‍കിയിരിക്കുന്ന പ്രാഥമിക നിര്‍ദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button