മാൾട്ടാ വാർത്തകൾ

വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു; സാങ്കേതിക തകരാറുകൾ മൂലമെന്ന് ഇനെമാൾട്ട

വിവിധ പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി വ്യാപകമായ വൈദ്യുതി തടസ്സം നേരിട്ടു. വിതരണ ശൃംഖലയിലുണ്ടായ വ്യത്യസ്ത സാങ്കേതിക തകരാറുകളാണ് ഇതിന് കാരണമായതെന്ന് ദേശീയ ഊർജ്ജ കമ്പനിയായ ഇനെമാൾട്ട അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും, ഉൽപ്പാദന കുറവ് മൂലമല്ല വൈദ്യുതി മുടങ്ങിയതെന്നും കമ്പനി വ്യക്തമാക്കി.

വിതരണ ശൃംഖല നവീകരിക്കുന്നതിലൂടെ സബ്‌സ്റ്റേഷനുകളും ഉപഭോക്താക്കളും തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഇത് തകരാറുകൾ ഉണ്ടാകുമ്പോൾ മറ്റ് ലൈനുകളിലൂടെ വൈദ്യുതി തിരിച്ചുവിടാൻ എഞ്ചിനീയർമാർക്ക് സഹായകരമാകുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

കോർമി (Qormi), ഖാവ്‌റ (Qawra), റബാത് (Rabat), സ്ലീമ (Sliema), സെന്റ് ജൂലിയൻസ് (St Julian’s), സ്വീക്കി (Swieqi), മനിക്കാട്ട (Manikata), മെല്ലീഹ (Mellieħa), മ്ജാർ (Mġarr) തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി മുടങ്ങിയത്. സ്ലീമ, സെന്റ് ജൂലിയൻസ് എന്നിവിടങ്ങളിൽ അഞ്ച് മിനിറ്റിനുള്ളിലും, റബാതിൽ ഒന്നര മണിക്കൂറിനുള്ളിലും വിതരണം പുനഃസ്ഥാപിച്ചു. മെല്ലീഹ, മ്ജാർ പ്രദേശങ്ങളിൽ ഓവർഹെഡ് മീഡിയം വോൾട്ടേജ് ലൈനിലുണ്ടായ തകരാറാണ് വില്ലനായത്. ഇത് പരിഹരിക്കാൻ രണ്ട് മണിക്കൂറോളം സമയമെടുത്തു. വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന കാലാവസ്ഥാ പ്രവചനത്തിനിടയിലാണ് ഈ വൈദ്യുതി പ്രതിസന്ധി.

സർക്കാരിന്റെ അനാസ്ഥയും അനിയന്ത്രിതമായ ജനസംഖ്യാ വർധനവും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ തകർത്തതിന്റെ ഫലമാണ് തുടർച്ചയായ നാലാം വേനൽക്കാലത്തും അനുഭവപ്പെടുന്ന ഈ പ്രതിസദ്ധിയെന്ന് പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN) ആരോപിച്ചു.

റോഡുകൾ കുഴിച്ച് വിതരണ ശൃംഖല നവീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് പി.എൻ ചൂണ്ടിക്കാട്ടി. വോൾട്ടേജ് വ്യതിയാനം മൂലം വീട്ടുപകരണങ്ങൾ കേടുവരുന്നതിനും ഭക്ഷണസാധനങ്ങൾ ചീത്തയാകുന്നതിനും ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കേണ്ടി വരികയാണെന്നും അവർ വിമർശിച്ചു.

മുൻ പി.എൻ സർക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി (PL) തിരിച്ചടിച്ചു. രാജ്യത്തെ വൈദ്യുതി ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നൂറു കണക്കിന് ദശലക്ഷം യൂറോ ചെലവഴിച്ച് ഒൻപത് വർഷത്തെ ബൃഹത്തായ പദ്ധതിയാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് അവർ അവകാശപ്പെട്ടു.

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം വെല്ലുവിളികൾ ഉയർത്തുമ്പോഴും, യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കാൻ ഇനെമാൾട്ട ജീവനക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, പ്രതിപക്ഷം പരിഭ്രാന്തി പരത്താൻ ശ്രമിക്കുമ്പോൾ ലേബർ സർക്കാർ ജനങ്ങൾക്ക് ഫലം നൽകുമെന്നും പി.എൽ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button