ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു

കാലിഫോർണിയ : ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ജോൺ ടെർനസാണ് ആപ്പിളിന്റെ പുതിയ CEO. സ്ഥാനമൊഴിയുന്ന ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും. രാജി തീരുമാനം പ്രഖ്യാപിച്ച് ജീവനക്കാർക്കയച്ച മെയിലിൽ ‘ഇതാണ് മാറ്റത്തിനുള്ള ശരിയായ സമയ’മെന്ന് ടിം കുക്ക് പറഞ്ഞു.
1998ൽ ആപ്പിളിൽ ജോലി ആരംഭിച്ച ടിം കുക്ക് 2011ലാണ് സിഇ പദവിയിലെത്തുന്നത്. ആമസോണിന്റെ ജെഫ് ബെസോസും നെറ്റ്ഫ്ലിക്സിന്റെ റീഡ് ഹേസ്റ്റിങ്സും സിഇഓ പദവിയിൽ നിന്ന് ഒഴിഞ്ഞതിന് ശേഷം സമാനമായ നീക്കമാണ് ടിം കുക്കിന്റെ ഭാഗത്തുനിന്നുണ്ടായത്. ആപ്പിൾ വാച്ച്, എയർപോഡുകൾ, ആപ്പിൾ വിഷൻ പ്രോ തുടങ്ങിയ പുതിയ വിഭാഗങ്ങളും ഐക്ലൗഡ്, ആപ്പിൾ പേ മുതൽ ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക് വരെയുള്ള സേവനങ്ങളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആമുഖത്തിന് മേൽനോട്ടം വഹിച്ചത് ടിം കുക്കാണ്. നിലവിലുള്ള ഉൽപ്പന്ന ശ്രേണികൾ വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
കുക്കിന്റെ നേതൃത്വത്തിൽ ആപ്പിൾ 350 ബില്യൺ ഡോളറിന്റെ വിപണി മൂലധനത്തിൽ നിന്ന് 4 ട്രില്യൺ ഡോളറായി വളർന്നു, ഇത് 1000%-ലധികം വർധനയാണ്. കൂടാതെ വാർഷിക വരുമാനം നാലിരട്ടിയായി വർദ്ധിച്ചു. 2011 സാമ്പത്തിക വർഷത്തിലെ 108 ബില്യൺ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 416 ബില്യണിലധികം ഡോളറായി. കമ്പനി ആഗോളതലത്തിൽ, പ്രത്യേകിച്ച് വളർന്നുവരുന്ന വിപണികളിൽ, അതിന്റെ ആഗോള സാന്നിധ്യം ഗണ്യമായി വികസിപ്പിച്ചു. ഇപ്പോൾ കമ്പനി ഇരുന്നൂറിലേറെ രാജ്യങ്ങളിലും മേഖലകളിലും പ്രവർത്തിക്കുന്നു. ആപ്പിളിന് അഞ്ഞൂറിലേറെ റീട്ടെയിൽ സ്റ്റോറുകൾ ഉണ്ട്. ഉപഭോക്താക്കൾക്ക് ആപ്പിൾ സ്റ്റോർ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആപ്പിളിന് 100,000-ത്തിലധികം ടീം അംഗങ്ങളായി. അങ്ങനെ നേട്ടങ്ങളുടെ നീണ്ട പട്ടിക ബാക്കിവച്ചാണ് ടിം കുക്കിന്റെ പടിയിറക്കം.
ആപ്പിളിന്റെ സിഇഒ ആകാനും മഹത്തരമായ ഈ കന്പനിയെ നയിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് ടിം കുക്കിന്റെ പ്രസ്താവന. ‘ഐ ലവ് ആപ്പിൾ. ഇത്രയേറെ കഴിവും മികവും സർഗശേഷിയുമൊത്ത ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ കൃതാർഥനാണ്’. ടിം പറഞ്ഞു. ”അദ്ദേഹത്തിന്റെ കഴിവുകളിലും സ്വഭാവത്തിലും എനിക്ക് ഏറെ ആത്മവിശ്വാസമുണ്ട്. ഈ മാറ്റത്തിലും എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിലുള്ള പുതിയ റോളിലും ജോൺ ടെർനസിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മാറ്റത്തെക്കുറിച്ചും ടെർനസിന്റെ വരവിനെക്കുറിച്ചും ടിം കുക്ക് പറഞ്ഞത് ഇങ്ങനെയാണ്.
2026 സെപ്റ്റംബർ 1ന് ടിം കുക്കിന് പകരക്കാരനാകുന്ന ജോൺ ടെർനസ് കന്പനിയുടെ ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ മേധാവിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഐ ഫോൺ, ഐ പാഡ്, മാക് എന്നിവയുടെ സാങ്കേതികവിദ്യകളുടെ മേൽനോട്ടം വഹിച്ചത് ജോൺ ടെർനസിനെ പുതിയ പദവിയിലേക്ക് യോഗ്യനാക്കിയ ഘടകങ്ങളാണ്. ആപ്പിളിന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടനാണെന്ന് ജോൺ ടെർനസ് പറഞ്ഞു. അറുപത്തിയഞ്ചുകാരനായ ടിം കുക്കിന് പകരമെത്തുന്ന ജോൺ ടെർനസിന് 55 വയസാണ്. സ്വന്തം സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായി വയ്ക്കുന്ന ജോൺ ടെർനസിന്റെ കുടുംബത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. മാറ്റം അർഥപൂർണമാക്കാനാണ് സെപ്റ്റംബർ വരെ ടിം കുക്ക് ചുമതലയിൽ തുടരുന്നത്. അതുവരെ ജോൺ ടെർനസിന് വേണ്ട മാർഗ നിർദേശങ്ങൾ നൽകും.



