ഇറ്റലിയിൽ എയർ ട്രാഫിക് കൺട്രോൾ തടസ്സപ്പെട്ടു; മാൾട്ട–ഇറ്റലി റൂട്ടിലെ നിരവധി സർവീസുകൾ റദ്ദാക്കി

ഇറ്റലിയിലെ എയർ നാവിഗേഷൻ നെറ്റ്വർക്കിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാജ്യത്ത് വ്യാപകമായ എയർ ട്രാഫിക് കൺട്രോൾ തടസ്സങ്ങൾ നേരിട്ടു. ഇതേത്തുടർന്ന് മാൾട്ടയ്ക്കും ഇറ്റലിക്കുമിടയിലുള്ള കുറഞ്ഞത് 10 വിമാന സർവീസുകളെയെങ്കിലും ബാധിച്ചതായി റിപ്പോർട്ട്.
“ഇറ്റാലിയൻ വ്യോമാതിർത്തിയിലൂടെ സാധാരണയുള്ള ഗതാഗതത്തിന്റെ 50 ശതമാനം മാത്രം അനുവദിക്കാനാണ് ഇറ്റാലിയൻ എയർ ട്രാഫിക് അതോറിറ്റിയുടെ തീരുമാനം. മാൾട്ടയിൽ നിന്നുള്ള ഭൂരിഭാഗം വിമാനങ്ങളും ഇറ്റലിക്ക് മുകളിലൂടെ കടന്നുപോകുന്നതിനാൽ ഇത് മാൾട്ടയെ നേരിട്ട് ബാധിച്ചിട്ടുണ്ട്,” അധികൃതർ പറഞ്ഞു. “പ്രശ്നം എന്ന് പരിഹരിക്കപ്പെടുമെന്ന് അറിയാൻ മാൾട്ട എയർ ട്രാഫിക് സർവീസസ് ഇറ്റാലിയൻ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല,” എന്നും അവർ കൂട്ടിച്ചേർത്തു. തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണെന്നും എന്ന് പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെന്നും മാൾട്ട ഗതാഗത മന്ത്രാലയത്തിലെ അധികൃതർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള എയർ ട്രാഫിക് കൺട്രോൾ സർവീസുകളെ പിന്തുണയ്ക്കുന്ന ഡാറ്റാ ട്രാൻസ്മിഷൻ നെറ്റ്വർക്കിൽ വ്യാഴാഴ്ച രാത്രിയോടെയാണ് തകരാറുകൾ കണ്ടെത്തിയതെന്ന് ഇറ്റലിയുടെ എയർ നാവിഗേഷൻ ഏജൻസിയായ ENAV അറിയിച്ചു.
തടസ്സങ്ങൾക്ക് കാരണം സൈബർ ആക്രമണങ്ങളോ മറ്റ് തെറ്റായ പ്രവർത്തനങ്ങളോ അല്ലെന്ന് ഏജൻസി വ്യക്തമാക്കി. തകരാറിന്റെ കാരണം കണ്ടെത്താനും സംവിധാനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. തടസ്സങ്ങൾ കാരണം നിരവധി സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മിലാൻ ബെർഗാമോ, ബോളോണിയ എന്നിവിടങ്ങളിലേക്കും തിരിച്ചുുമുള്ള റയാൻ എയർ (Ryanair) സർവീസുകളെയും വെനീസ് ട്രെവിസോ, ടൂറിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളെയും ഇത് ബാധിച്ചു.
റോം ഫിയുമിസിനോയിലേക്കും തിരിച്ചുുമുള്ള വിസ് എയർ (Wizz Air) സർവീസുകൾ റദ്ദാക്കി. കൂടാതെ, റോമിൽ നിന്ന് എത്തുന്നതും മിലാൻ ലിനേറ്റിലേക്ക് പുറപ്പെടുന്നതുമായ കെ.എം. മാൾട്ട എയർലൈൻസ് (KM Malta Airlines) സർവീസുകളെയും തടസ്സം ബാധിച്ചിട്ടുണ്ട്.
വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനും സാധ്യതയുണ്ടെന്ന് റോം വിമാനത്താവള അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. മിലാൻ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂറിൽ കൂടുതൽ വരെ വൈകി. ചില സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.
മൊത്തത്തിലുള്ള എയർ ട്രാഫിക് ശേഷിയുടെ 50% മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെങ്കിലും അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പരമാവധി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പകരം ഡാറ്റാ ട്രാൻസ്മിഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായി ENAV അറിയിച്ചു.
രാവിലെ 6 മണി വരെ സ്ഥിതിഗതികൾ സാധാരണ നിലയിലായിരുന്നുവെങ്കിലും ഗതാഗത തിരക്ക് വർധിച്ചതും സാങ്കേതിക പ്രശ്നങ്ങൾ തുടർന്നതും കാരണമാണ് വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഏജൻസി വ്യക്തമാക്കി.



