2025 ഓഗസ്റ്റിൽ മാൾട്ടയിലെ ജനസംഖ്യ വർധിച്ചു : നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്

2025 ഓഗസ്റ്റിൽ മാൾട്ടയിലെ ജനസംഖ്യ വർധിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO). വിനോദസഞ്ചാരികളുടെ വരവ് മൂലമാണ് 90,000ത്തിലധികം പേരുടെ വർധനയുണ്ടായതെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്ത്.
മാൾട്ടയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഓഗസ്റ്റ് മാസത്തിൽ, താമസക്കാരുടെ എണ്ണമായ 5,81,244 എന്നതിൽ നിന്ന് ടൂറിസ്റ്റുകളെ കൂടി ഉൾപ്പെടുത്തിയുള്ള യഥാർത്ഥ ജനസംഖ്യ 6,71,576 ആയി ഉയർന്നു. ഇത് ടൂറിസ്റ്റുകൾ കാരണം മാത്രം 90,332 പേരുടെ വർദ്ധനവാണ് ഉണ്ടാക്കിയത്.
വർഷത്തിലുടനീളം ടൂറിസം മൂലം മാൾട്ടയിലെ സ്ഥിരതാമസക്കാരുടെ എണ്ണത്തിൽ ശരാശരി 50,767 പേരുടെ വർദ്ധനവുണ്ടായി. ഇതോടെ ശരാശരി ജനസംഖ്യ 6,32,011 ആയി ഉയർന്നു. എൻ.എസ്.ഒ കണക്കുകൾ പ്രകാരം 2025-ൽ ഓരോ 100 താമസക്കാർക്കും ആകെ ഒമ്പത് ടൂറിസ്റ്റുകൾ എന്ന തോതിലുണ്ടായിരുന്നു. 2024-നെ അപേക്ഷിച്ച് ഓരോ 100 താമസക്കാർക്കും ഒരു ടൂറിസ്റ്റ് എന്ന തോതിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ജനസാന്ദ്രതയിലും ടൂറിസത്തിന്റെ സ്വാധുനമുണ്ടായി. 2025-ൽ മാൾട്ടയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 1,845 താമസക്കാരുണ്ടായിരുന്നു. ടൂറിസ്റ്റുകളെ കൂടി ഉൾപ്പെടുത്തിയപ്പോൾ ഇത് 2,006 ആയി ഉയർന്നു. നോർത്തേൺ ഹാർബർ ജില്ലയിൽ ഈ ആഘാതം ഇതിലും വലുതായിരുന്നു. ഇവിടെ ടൂറിസ്റ്റുകൾ ജനസാന്ദ്രത ഏകദേശം 15% വർദ്ധിപ്പിച്ചു, അതായത് ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത 7,718 ൽ നിന്ന് 8,845 ആയി ഉയർന്നു.
ഏറ്റവും കൂടുതൽ സ്ഥിരതാമസക്കാരും വാർഷിക ടൂറിസ്റ്റ് ജനസംഖ്യയുമുള്ള നോർത്തേൺ ഹാർബർ ജില്ലയിലാണ് 2025-ൽ ഏറ്റവും ഉയർന്ന യഥാർത്ഥ ജനസംഖ്യ രേഖപ്പെടുത്തിയത്. അതേസമയം, വർഷം മുഴുവനും ഏറ്റവും കുറഞ്ഞ ടൂറിസ്റ്റ് ജനസംഖ്യ രേഖപ്പെടുത്തിയത് ഈസ്റ്റേൺ ഹാർബർ ജില്ലയിലാണ്.
പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, സെന്റ് ജൂലിയൻസിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത്. ഇവിടെ ഓരോ 100 താമസക്കാർക്കും 83 ടൂറിസ്റ്റുകൾ എന്ന തോതിലുണ്ടായിരുന്നു. 2024-നെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ വരവിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് വലേറ്റയിലാണ്. ഇവിടെ ഓരോ 100 താമസക്കാർക്കും 11 ടൂറിസ്റ്റുകൾ വീതം അധികമായി എത്തി.
ഇതിനു പുറമേ സെന്റ് പോൾസ് ബേയിൽ യഥാർത്ഥ ജനസംഖ്യ 59,444 ആയും സ്ലീമയിൽ 37,614 ആയും രേഖപ്പെടുത്തി. സ്ലീമയിലാണ് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ളത് (ഒരു ചതുരശ്ര കിലോമീറ്ററിൽ 29,023 ആളുകൾ). ടൂറിസത്തിന്റെ സീസണൽ സ്വഭാവം കാരണം മാൾട്ടയിലെ യഥാർത്ഥ ജനസംഖ്യ വർഷത്തിൽ ഉടനീളം മാറിമറിയാറുണ്ടെന്ന് എൻ.എസ്.ഒ വ്യക്തമാക്കി.
ടൂറിസം ഏറ്റവും കുറഞ്ഞ മാസമായ ഡിസംബറിൽ, ടൂറിസ്റ്റുകൾ സ്ഥിരതാമസക്കാരുടെ എണ്ണത്തിലേക്ക് വെറും 13,184 പേരെ മാത്രമാണ് ചേർത്തത്. ഇതോടെ ആ സമയത്തെ ജനസംഖ്യ 5,94,428 ആയി മാറി.
അതേസമയം, 2026-ലും മാൾട്ടയുടെ ടൂറിസം വ്യവസായം വളർച്ച തുടർന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2026 ഓഗസ്റ്റിൽ മാത്രം 5,39,655 വിനോദസഞ്ചാരികൾ മാൾട്ട സന്ദർശിച്ചതായി ഒക്ടോബർ 2-ന് എൻ.എസ്.ഒ റിപ്പോർട്ട് ചെയ്തു. 2025-ലെ ഇതേ മാസത്തെ അപേക്ഷിച്ച് 14.7% വർദ്ധനവാണിത്.
കൂടാതെ, മുൻവർഷത്തെ അപേക്ഷിച്ച് വേനൽക്കാലത്ത് മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രാ നിരക്കിൽ 12% വർദ്ധനവുണ്ടായി. 11,09,789 യാത്രക്കാരാണ് ഈ കാലയളവിൽ എയർപോർട്ടിലൂടെ കടന്നുപോയത്. വിമാനങ്ങളുടെ സർവീസുകളിൽ 12.6% വർദ്ധനവും സീറ്റ് ലഭ്യതയിൽ 15.8% വർദ്ധനവും ഉണ്ടായതിനെ തുടർന്നാണ് ഈ വളർച്ച. മുൻവർഷത്തേക്കാൾ കൂടുതൽ വിമാന സർവീസുകളും സീറ്റുകളും എയർപോർട്ട് ഈ കാലയളവിൽ ഒരുക്കിയിരുന്നു.



