യൂറോപ്പിലും മാൾട്ടയിലും കടുത്ത ഉഷ്ണതരംഗം : താപനില 42 ഡിഗ്രിയിലേക്ക് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

യൂറോപ്പിലുടനീളം കടുത്ത ചൂട് തുടരുന്നതിനിടെ, മാൾട്ടയിലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മാൾട്ട അനുഭവപ്പെടുന്ന ചൂട് (feel-like temperature) 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. വ്യഴം, ഞായർ ദിവസങ്ങളിൽ 42 ഡിഗ്രിയും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ 41 ഡിഗ്രിയുമായിരിക്കും അനുഭവപ്പെടുന്ന താപനില. ഉയർന്ന അന്തരീക്ഷ ആർദ്രതയാണ് (humidity) അനുഭവപ്പെടുന്ന ചൂട് വർദ്ധിക്കാൻ പ്രധാന കാരണം.
തീവ്രമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ മാൾട്ടയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ മുന്നറിയിപ്പ് ‘ഓറഞ്ച് അലേർട്ട്’ ആയി ഉയർത്തിയിട്ടുണ്ട്. യൂറോപ്പിന് മുകളിൽ രൂപപ്പെട്ട പ്രത്യേക അന്തരീക്ഷ വ്യതിയാനം (Omega Block) കാരണം ടുണീഷ്യയിൽ നിന്നുള്ള ചൂടേറിയ ആഫ്രിക്കൻ വായു മെഡിറ്ററേനിയൻ മേഖലയിലേക്ക് വീശിയടിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ 40 ഡിഗ്രിയിൽ അധികം താപനില അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ്

യൂറോപ്പി ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ് 2026-ൽ യൂറോപ്യൻ ഭൂഖണ്ഡം കടന്നുപോകുന്നത്. ഇതുവരെ 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്താത്ത ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇത്തവണ താപനില 40 ഡിഗ്രി കടന്നു. സ്പെയിനിലെ ലെറിഡ, കോർഡോബ തുടങ്ങിയ പ്രദേശങ്ങളിലും സൈപ്രസിലും തുടർച്ചയായി 55 ദിവസത്തിലധികം താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. ഇറ്റലിയിലെ സർദീനിയയിൽ ജൂലൈ മാസത്തിൽ 48.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഡെൻമാർക്കിൽ 37 ഡിഗ്രിയും സ്ലോവാക്യയിൽ 42.2 ഡിഗ്രിയും പോളണ്ട്, ഓസ്ട്രിയ എന്നിവിടങ്ങളിൽ 42 ഡിഗ്രി വരെയുമായിരുന്നു ഉയർന്ന താപനില. രാത്രികാലങ്ങളിൽ താപനില 25 ഡിഗ്രി സെൽഷ്യസിന് താഴേക്ക് പോകാത്ത പ്രതിഭാസം ഫ്രാൻസ്, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു.
ലോക കാലാവസ്ഥാ സംഘടനയുടെ (WMO) വിലയിരുത്തൽ അനുസരിച്ച്, ആഗോളതാപനം മൂലം ഇത്തരം തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ ഇനിയും തുടരാൻ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പുകളും മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.



