ദേശീയം

തകര്‍ന്നുവീണത് മൂന്നുമാസം മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം

ന്യുഡല്‍ഹി: കനത്ത മഴയിലും കാറ്റിലും തകർന്നുവീണ മേൽക്കൂരയുള്ള ടെർമിനൽ മൂന്നുമാസം മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് നരേന്ദ്രമോദി ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു

ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.സുരക്ഷയുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ടെര്‍മിനല്‍ ഒന്നില്‍ കൈകാര്യം ചെയ്യുന്നത്. 3 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ പൊട്ടി നിലത്തുവീണു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button