ഹൂതി- സൗദി പോരാട്ടം ശക്തമാകുന്നു

സനാ : യെമൻ്റെ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം നടത്തി സൗദി. റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധം സംവിധാനം തടഞ്ഞെന്ന് സൗദി സൈന്യം അറിയിച്ചു. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുറയിൽ ബുധനാഴ്ച നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹൂദികൾ ഏറ്റെടുത്തിരുന്നു.
അതേസമയം ചെങ്കടലിലെ സൗദി തുറമുഖങ്ങൾ ലക്ഷ്യം വെച്ച് ഹൂതികൾ തിരിച്ചടിച്ചു. ജിസാൻ തുറമുഖത്തായിരുന്നു ഹൂതി സൈന്യത്തിൻ്റെ ഏറ്റവും പുതിയ അക്രമണം. തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏത് തരത്തിലുള്ളതാണെന്ന് നിർണ്ണയിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സൗദി സൈന്യം കൂട്ടിച്ചേർത്തു. ദുബായിൽ നിന്ന് 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറായി ഹോർമുസിന് സമീപവും ഒരു കപ്പലിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായി.
നിലവിൽ യെമൻ നഗരമായ തായ്സിനു സമീപവും പോരാട്ടം ശക്തമാകുന്നുണ്ട്. യെമനിലെ സർക്കാർ സേനയും ഹൂതികളുമായി
പലയിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായി സൈനിക വക്താവ് പറഞ്ഞു. യെമൻ്റെ പടിഞ്ഞാറൻ ഭാഗത്താണ് സമീപകാലത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്. യെമനിലെ തായ്സിൽ ഹൂതി ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹൂതി ശക്തികേന്ദ്രവും യെമൻ തലസ്ഥാനവുമായ സനായിൽ സൗദി വ്യോമാക്രമണം ശക്തമാക്കി. സനായിലും മറ്റിടങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി സഖ്യസേന 105 വ്യോമ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അറിയിച്ചു. സനായിലെ ജനവാസ കേന്ദ്രങ്ങളെയും വിവിധ പ്രവിശ്യകളെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.



